Saturday, 18 July 2015

എന്തിന്?

വിവാഹത്തിന്‍ ക്ഷണം കിട്ടി.

"വരില്ലേ ...?"

"......"

"വരില്ലേ ന്ന്??"

"വരും."

"എന്തിന്..?"

വരണം.
ഇനിയൊരു സമ്മാനം കൂടി കരുതാതെ
നേരത്തേ തന്നെ എത്തി
എല്ലാത്തിനും സാക്ഷിയാകണം.

ആള്‍കൂട്ടത്തില്‍ തനിച്ചങ്ങനെ
നില്‍ക്കണം.

പരിചയമുള്ള മുഖങ്ങളെ നോക്കി
ചിരിച്ചുവെന്നു വരുത്തണം.

പന്തിയില്‍ ഇല വെക്കുമ്പോള്‍
ആദ്യമേ ഒരറ്റത്ത് സ്ഥാനം പിടിക്കണം.

വയറു നിറച്ച് ഉണ്ടെഴുന്നേറ്റ്
മനസ്സ് നിറഞ്ഞുവെന്ന് നടിക്കണം.

കൈകഴുകുമ്പോള്‍
മുഖത്തേക്കിത്തിരി  വെള്ളം തളിച്ച്
പുറത്തുവന്ന കണ്ണുനീര്‍
ആരും കാണാതെ കൂട്ടിത്തുടയ്ക്കണം.

ഒന്ന് കൂട്ടിമുറുക്കി
ഗംഭീരമായെന്ന് വരുത്തണം.

അപ്പോഴുമാ ചോദ്യം
ഉള്ളില്‍ വിശന്നു പൊരിയുന്നുണ്ടാകും:

"എന്തിന്??"


മറ്റൊന്നിനുമല്ല,
യാത്രയാക്കാനാണ് വന്നത്.

ഉപചാരങ്ങളോടെ നിന്നെ
യാത്രയാക്കുന്ന സംഘത്തില്‍ നിന്ന് ,
കൈവീശുന്ന ആള്‍കൂട്ടത്തില്‍ നിന്ന്
നീയെന്നെ ശ്രദ്ധിച്ചെടുക്കില്ലായിരിക്കാം...

പക്ഷെ, കൂട്ടത്തില്‍
നീറിപ്പുകയുന്ന ഒരു മനസ്സിനെ
നീ തിരിച്ചറിയാതിരിക്കില്ലല്ലോ..!

ഇങ്ങനെയും ചിലര്‍


വിയര്‍പ്പേറെ ഒഴുക്കി
ചില്ലുമേട പണിയും
നാടുനീളെ തെണ്ടി അതില്‍
കല്ല്‌ ശേഖരിച്ചുവെയ്ക്കും 
ഒന്നുപോലും വിടാതെ
നിരത്തില്‍ നിന്ന്
ഏറു മുഴുവനുമേറ്റുവാങ്ങും.
അങ്ങനേയും ചിലരുണ്ട്.   

മിടുക്കന്‍



ആത്മഹത്യ ചെയ്തവനെ,
സുഹൃത്തേ,
ജീവിതത്തിലെല്ലായ്പ്പോഴും 
തോറ്റുതോറ്റിരുന്ന നിനക്ക്
പെട്ടെന്നെവിടുന്നു കിട്ടി
ഈ മിടുക്ക്?

Friday, 13 March 2015





അവള്‍..

അമ്പലവഴിയും വയല്‍വരമ്പും
ചെന്നുചേരുന്ന
പ്രണയത്തിന്‍റെ പൂന്തോട്ടത്തില്‍
വസന്തം പങ്കുവെച്ചവള്‍...

നിമിഷങ്ങള്‍ ദിവസങ്ങളാക്കുന്ന
വിരഹവും
ദിവസങ്ങള്‍ നിമിഷങ്ങളാക്കുന്ന
സാമിപ്യവും
സമ്മാനിച്ചവള്‍..

ചുംബനത്താല്‍
ഭൂമിയിലെ സ്വര്‍ഗ്ഗവും
കലങ്ങിയ കണ്ണുകളാല്‍
ഭൂമിയിലെ നരകവും
കാട്ടിത്തന്നവള്‍..

പകല്‍ക്കിനാവു കൊണ്ട്
ആകാശമളക്കാന്‍ പഠിപ്പിച്ചവള്‍..

നിനവില്‍ നിറഞ്ഞു കവിഞ്ഞ്
നിറങ്ങളില്‍ നീരാടിച്ചവള്‍..

ഹൃദയത്തില്‍
അവസാനത്തെ മിടിപ്പിനു ശേഷവും
ശേഷിപ്പവള്‍...

ഒടുവില്‍..
ഒടുവില്‍
സഹനത്തിന്‍റെ
സകല അതിര്‍ത്തികളും
ലംഘിക്കുമാറ്
വേദനിപ്പിച്ച് കടന്നുപോയവള്‍...

അവള്‍.


----------------------------------------------------------------------------------------------------------



അവന്‍

നേരവും കാലവുമില്ലാതെ
വെയിലെന്നോ മഴയെന്നോ ഇല്ലാതെ
ഞാന്‍ വരുവാനിടയുള്ള
വഴികളിലെല്ലാം എനിക്കായി
കാത്തുനിന്നവന്‍..

മഴവില്ലൊളിപ്പിച്ചുവെച്ച
പുഞ്ചിരിയാല്‍
മനം കവര്‍ന്നവന്‍..

മൗനം മരണമാണെന്നും
മൊഴിയേ മധുരമെന്നും
പറഞ്ഞവന്‍..

ഒന്നിന് പിറകേ ഒന്നായി വരുന്ന
അന്ത്യമില്ലാത്ത തിരകള്‍ കണക്കെ
മനസ്സിന്‍റെ മണല്‍ത്തീരങ്ങളിലേക്ക്
തള്ളിക്കയറിയവന്‍..

നൈമിഷികമായ പിണക്കങ്ങളാല്‍
ഹൃദയത്തില്‍
കഠാരയാഴ്ത്തിയവന്‍..

ചുണ്ടോടു ചുണ്ട് കോര്‍ത്ത്
ഇന്ദ്രിയങ്ങളെ ത്രസിപ്പിച്ചവന്‍..
അനുഭൂതിയുടെ അനന്തതയിലേക്ക്
യാത്രകൊണ്ടുപോയവന്‍..

സ്വന്തം കണ്ണീരൊളിപ്പിച്ച്
കണ്ണീരൊപ്പുവോന്‍..
ചിരിയുടെ ചാകരക്കോളുമായ്
ചാരത്തണയുവോന്‍..

ചായുവാന്‍ ആകാശത്തോളം
വിശാലമായ നെഞ്ചുതന്ന്
അഭയവും ആശ്വാസവുമൊരുക്കിയോന്‍‍..


പിണങ്ങിയാലും പിണങ്ങിയാലും
പിരിഞ്ഞു പോകാത്തവന്‍..


ഇണങ്ങി ഇണങ്ങി
ജീവിതത്തില്‍
ഇഴുകിച്ചേര്‍ന്നവന്‍..

ഓര്‍മ്മകളുടെ ചിതയ്ക്കപ്പുറം
ഇന്നും
ആളിക്കത്തുവോന്‍...

വിധിയില്‍ വിഷം ചേര്‍ന്ന കാലത്ത്
വിവാഹ വിപണിയില്‍
എന്നെയും വിറ്റഴിച്ചപ്പോള്‍
വിലാപത്തിന്‍ വിദൂരതയിലേക്ക്
മറഞ്ഞവന്‍..

അവന്‍.

Thursday, 12 February 2015


ദൈവങ്ങളോട്..


ല്ലാം കാണുന്നവരെന്ന് പറയപ്പെടുകയും,
എല്ലാം കേള്‍ക്കുന്നവരെന്ന് നടിക്കുകയും,
സര്‍വ്വതും മനസ്സിലാക്കുന്നവരെന്ന് വിശ്വസിക്കപ്പെടുകയും,
എന്തും പരിഹരിക്കുന്നവരെന്ന വ്യാജഖ്യാതി നേടുകയും
ചെയ്യുന്ന ദൈവങ്ങളേ...
നിങ്ങള്‍ പരാജയപ്പെടുന്നിടത്തു നിന്നും ഞങ്ങള്‍ തുടങ്ങുന്നു.

എല്ലാം കാണുന്നില്ലായിരിക്കാം ഞങ്ങള്‍;
പക്ഷെ, കണ്ടത് കണ്ടില്ലെന്ന് നടിക്കുന്നില്ല.
എല്ലാം ഞങ്ങള്‍ കേള്‍ക്കുന്നില്ലായിരിക്കും;
പക്ഷെ, പരമാവധി കേള്‍ക്കാന്‍ ശ്രമിക്കുന്നു.
സര്‍വതും അറിയുന്നില്ലായിരിക്കും ഞങ്ങള്‍;
എങ്കിലും ഞങ്ങള്‍ അറിവാം ആയുധത്തിന്‍
മൂര്‍ച്ച കൂട്ടിക്കൊണ്ടേയിരിക്കുന്നു.
എല്ലാം പരിഹരിക്കാന്‍ നിങ്ങളുണ്ടായിട്ടും
പലതും ഞങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്നു.

ഒടുവില്‍,
കണ്ടതിന്‍റെയും,
കേട്ടതിന്‍റെയും,
അറിഞ്ഞതിന്‍റെയും,
പരിഹരിച്ചതിന്‍റെയും,
ഖ്യാതി കവരാന്‍ നിങ്ങളെത്തുന്നു.

Friday, 2 January 2015

ഒരു പ്രൈവറ്റ് ബസ്സിലാണ് സംഭവം നടക്കുന്നത്.
ഇടത്തരം തിരക്ക്.
സീറ്റൊന്നും ഒഴിവില്ല.
സ്ത്രീകളുടെ സീറ്റിലിരുന്ന് രണ്ട് പുരുഷമാന്യന്മാര്‍ യാത്ര ചെയ്യുന്നു.
രണ്ട് മൂന്ന് സ്ത്രീകള്‍ നില്‍ക്കുന്നുണ്ടെങ്കിലും അവര്‍ സ്ത്രീകളുടെ സീറ്റ് ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെടുന്നില്ല. വെറുതെയെന്തിനാ പ്രശ്നത്തിന് പോകുന്നത്.
ആര്‍ക്കും ഒരു കുഴപ്പവും ഇല്ല. ബസ്സ് മുന്നോട്ട് പോകുന്നു.

ഇടയ്ക്കുള്ള സ്റ്റോപ്പില്‍ നിന്നും ഒരു ചേച്ചി കേറുന്നു. നാല്‍പ്പതിനടുത്ത് പ്രായം.
സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവരോട് എഴുന്നേറ്റു തരാന്‍ ആവശ്യപ്പെടുന്നു അവര്‍.
മാന്യന്മാര്‍ കേള്‍ക്കാത്ത ഭാവം നടിച്ച് കുലുങ്ങാതെ ഇരിക്കുന്നു.
ചേച്ചി 'സ്ത്രീകളുടെ സീറ്റാണിത്', 'ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്' തുടങ്ങിയ ന്യായങ്ങളോടെ ഒന്നുകൂടി പറഞ്ഞുനോക്കുന്നു.
ഒരു രക്ഷയുമില്ല.
ചേച്ചിയുടെ സ്വരം ഉച്ചത്തിലാവുന്നു. സീന്‍ വഷളാവുന്നു.
വണ്ടിയുടെ വാതില്‍ക്കല്‍ നില്‍ക്കുന്ന കിളിയോട് ചേച്ചി പരാതി പറയുന്നു.
കിളി "നമ്മളില്ല പെങ്ങളേ ഒടക്കിന്, വേണേല്‍ കണ്ടക്ടറോട് പറ" എന്നും പറഞ്ഞൊഴിയുന്നു.
അല്‍പ്പസമയത്തില്‍ സമീപത്തേക്ക് വന്ന കണ്ടക്ടറോട് രോഷത്തോടെ തന്നെ ചേച്ചി കാര്യം പറയുന്നു.
ഉടനെ കണ്ടക്ടര്‍ നാലു ചീത്ത ചേച്ചിയെ. അവസാനം
"നിങ്ങള്‍ക്ക് സീറ്റ് തരാം,പോരേ...? രാവിലെ തന്നെ ഓരോന്ന് വന്ന് കേറിക്കോളും" എന്നും പറഞ്ഞ് മാന്യന്മാരോട് എഴുന്നേല്‍ക്കാന്‍ പറയുന്നു.
അവര്‍ മനസ്സില്ലാമനസോടെ എഴുന്നേല്‍ക്കുന്നു. ചേച്ചി മുറുമുറുത്തുകൊണ്ട് ഇരിക്കുന്നു.
നല്ല ആരോഗ്യമുണ്ടായിട്ടും ഇത്തിരി നേരം നില്‍ക്കാനുള്ള മനസ് കാണിക്കാതെ ഒരു സീറ്റിന് വേണ്ടി 'മാന്യ'ന്മാരോട് അനാവശ്യമായി തല്ലുണ്ടാക്കിയ ഒരുത്തി എന്ന രീതിയില്‍ ബസ്സിലെ സ്ത്രീ യാത്രക്കാരടക്കമുള്ളവര്‍ അവരെ തുറിച്ചുനോക്കുന്നു.
പല തരത്തില്‍പ്പെട്ടവര്‍ സംഭവം നടക്കുമ്പോള്‍ ആ ബസ്സിലുണ്ടായിരുന്നു.
ഒന്ന്, ആ ചേച്ചി തങ്ങള്‍ക്ക് വേണ്ടിയാണ് വാദിക്കുന്നതെന്നും തര്‍ക്കിക്കുന്നതെന്നും അറിഞ്ഞിട്ടും പിന്താങ്ങാതെ സീന്‍ കണ്ട് നിന്നിട്ട് അവസാനം 'ഇതെന്തൊരു സ്ത്രീയാദ്...' ന്ന് കമന്‍റ് പാസ്സാക്കിയ സ്ത്രീ യാത്രക്കാര്‍.
മറ്റൊന്ന്, നിഷ്പക്ഷര്‍ എന്ന വിഭാഗം. 'അവരായി അവരുടെ പടായി, നമ്മളതില് എടപെടേണ്ട ആവശ്യമില്ല.' (ഇനി ആരെങ്കിലും എടപെടാന്‍ തൊടങ്ങ്യാല്, 'നിന്‍റെ അമ്മേം പെങ്ങളും ഒന്ന്വല്ലല്ലോ...പിന്നെ നിനക്കെന്താപ്പൊ ഇത്ര സൂക്കേട്?' ന്നൊരു ചോദ്യംകൊണ്ട് തടയാനും ഇക്കൂട്ടര്‍ ശ്രമിക്കും.)
പിന്നൊന്ന് യുവാക്കള്‍,
ഇയര്‍ഫോണ്‍ ഇരു ചെവിട്ടിലേക്കും തിരുകി, തങ്ങളുടെ ഫോണില്‍ തോണ്ടി, തങ്ങളുടേതായ ലോകത്ത് ഇരുന്നിരുന്ന ഈ വിഭാഗത്തിലെ മിക്ക പേര്‍ക്കും പ്രശ്നം എന്താന്ന് തന്നെ മനസിലായില്ല.