അവള്‍..
അമ്പലവഴിയും വയല്‍വരമ്പും
ചെന്നുചേരുന്ന
പ്രണയത്തിന്‍റെ പൂന്തോട്ടത്തില്‍
വസന്തം പങ്കുവെച്ചവള്‍...
നിമിഷങ്ങള്‍ ദിവസങ്ങളാക്കുന്ന
വിരഹവും
ദിവസങ്ങള്‍ നിമിഷങ്ങളാക്കുന്ന
സാമിപ്യവും
സമ്മാനിച്ചവള്‍..
ചുംബനത്താല്‍
ഭൂമിയിലെ സ്വര്‍ഗ്ഗവും
കലങ്ങിയ കണ്ണുകളാല്‍
ഭൂമിയിലെ നരകവും
കാട്ടിത്തന്നവള്‍..
പകല്‍ക്കിനാവു കൊണ്ട്
ആകാശമളക്കാന്‍ പഠിപ്പിച്ചവള്‍..
നിനവില്‍ നിറഞ്ഞു കവിഞ്ഞ്
നിറങ്ങളില്‍ നീരാടിച്ചവള്‍..
ഹൃദയത്തില്‍
അവസാനത്തെ മിടിപ്പിനു ശേഷവും
ശേഷിപ്പവള്‍...
ഒടുവില്‍..
ഒടുവില്‍
സഹനത്തിന്‍റെ
സകല അതിര്‍ത്തികളും
ലംഘിക്കുമാറ്
വേദനിപ്പിച്ച് കടന്നുപോയവള്‍...
അവള്‍.
----------------------------------------------------------------------------------------------------------
അവന്‍
നേരവും കാലവുമില്ലാതെ
വെയിലെന്നോ മഴയെന്നോ ഇല്ലാതെ
ഞാന്‍ വരുവാനിടയുള്ള
വഴികളിലെല്ലാം എനിക്കായി
കാത്തുനിന്നവന്‍..
മഴവില്ലൊളിപ്പിച്ചുവെച്ച
പുഞ്ചിരിയാല്‍
മനം കവര്‍ന്നവന്‍..
മൗനം മരണമാണെന്നും
മൊഴിയേ മധുരമെന്നും
പറഞ്ഞവന്‍..
ഒന്നിന് പിറകേ ഒന്നായി വരുന്ന
അന്ത്യമില്ലാത്ത തിരകള്‍ കണക്കെ
മനസ്സിന്‍റെ മണല്‍ത്തീരങ്ങളിലേക്ക്
തള്ളിക്കയറിയവന്‍..
നൈമിഷികമായ പിണക്കങ്ങളാല്‍
ഹൃദയത്തില്‍
കഠാരയാഴ്ത്തിയവന്‍..
ചുണ്ടോടു ചുണ്ട് കോര്‍ത്ത്
ഇന്ദ്രിയങ്ങളെ ത്രസിപ്പിച്ചവന്‍..
അനുഭൂതിയുടെ അനന്തതയിലേക്ക്
യാത്രകൊണ്ടുപോയവന്‍..
സ്വന്തം കണ്ണീരൊളിപ്പിച്ച്
കണ്ണീരൊപ്പുവോന്‍..
ചിരിയുടെ ചാകരക്കോളുമായ്
ചാരത്തണയുവോന്‍..
ചായുവാന്‍ ആകാശത്തോളം
വിശാലമായ നെഞ്ചുതന്ന്
അഭയവും ആശ്വാസവുമൊരുക്കിയോന്‍..
പിണങ്ങിയാലും പിണങ്ങിയാലും
പിരിഞ്ഞു പോകാത്തവന്‍..
ഇണങ്ങി ഇണങ്ങി
ജീവിതത്തില്‍
ഇഴുകിച്ചേര്‍ന്നവന്‍..
ഓര്‍മ്മകളുടെ ചിതയ്ക്കപ്പുറം
ഇന്നും
ആളിക്കത്തുവോന്‍...
വിധിയില്‍ വിഷം ചേര്‍ന്ന കാലത്ത്
വിവാഹ വിപണിയില്‍
എന്നെയും വിറ്റഴിച്ചപ്പോള്‍
വിലാപത്തിന്‍ വിദൂരതയിലേക്ക്
മറഞ്ഞവന്‍..
അവന്‍.

No comments:
Post a Comment