Friday, 2 January 2015

ഒരു പ്രൈവറ്റ് ബസ്സിലാണ് സംഭവം നടക്കുന്നത്.
ഇടത്തരം തിരക്ക്.
സീറ്റൊന്നും ഒഴിവില്ല.
സ്ത്രീകളുടെ സീറ്റിലിരുന്ന് രണ്ട് പുരുഷമാന്യന്മാര്‍ യാത്ര ചെയ്യുന്നു.
രണ്ട് മൂന്ന് സ്ത്രീകള്‍ നില്‍ക്കുന്നുണ്ടെങ്കിലും അവര്‍ സ്ത്രീകളുടെ സീറ്റ് ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെടുന്നില്ല. വെറുതെയെന്തിനാ പ്രശ്നത്തിന് പോകുന്നത്.
ആര്‍ക്കും ഒരു കുഴപ്പവും ഇല്ല. ബസ്സ് മുന്നോട്ട് പോകുന്നു.

ഇടയ്ക്കുള്ള സ്റ്റോപ്പില്‍ നിന്നും ഒരു ചേച്ചി കേറുന്നു. നാല്‍പ്പതിനടുത്ത് പ്രായം.
സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവരോട് എഴുന്നേറ്റു തരാന്‍ ആവശ്യപ്പെടുന്നു അവര്‍.
മാന്യന്മാര്‍ കേള്‍ക്കാത്ത ഭാവം നടിച്ച് കുലുങ്ങാതെ ഇരിക്കുന്നു.
ചേച്ചി 'സ്ത്രീകളുടെ സീറ്റാണിത്', 'ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്' തുടങ്ങിയ ന്യായങ്ങളോടെ ഒന്നുകൂടി പറഞ്ഞുനോക്കുന്നു.
ഒരു രക്ഷയുമില്ല.
ചേച്ചിയുടെ സ്വരം ഉച്ചത്തിലാവുന്നു. സീന്‍ വഷളാവുന്നു.
വണ്ടിയുടെ വാതില്‍ക്കല്‍ നില്‍ക്കുന്ന കിളിയോട് ചേച്ചി പരാതി പറയുന്നു.
കിളി "നമ്മളില്ല പെങ്ങളേ ഒടക്കിന്, വേണേല്‍ കണ്ടക്ടറോട് പറ" എന്നും പറഞ്ഞൊഴിയുന്നു.
അല്‍പ്പസമയത്തില്‍ സമീപത്തേക്ക് വന്ന കണ്ടക്ടറോട് രോഷത്തോടെ തന്നെ ചേച്ചി കാര്യം പറയുന്നു.
ഉടനെ കണ്ടക്ടര്‍ നാലു ചീത്ത ചേച്ചിയെ. അവസാനം
"നിങ്ങള്‍ക്ക് സീറ്റ് തരാം,പോരേ...? രാവിലെ തന്നെ ഓരോന്ന് വന്ന് കേറിക്കോളും" എന്നും പറഞ്ഞ് മാന്യന്മാരോട് എഴുന്നേല്‍ക്കാന്‍ പറയുന്നു.
അവര്‍ മനസ്സില്ലാമനസോടെ എഴുന്നേല്‍ക്കുന്നു. ചേച്ചി മുറുമുറുത്തുകൊണ്ട് ഇരിക്കുന്നു.
നല്ല ആരോഗ്യമുണ്ടായിട്ടും ഇത്തിരി നേരം നില്‍ക്കാനുള്ള മനസ് കാണിക്കാതെ ഒരു സീറ്റിന് വേണ്ടി 'മാന്യ'ന്മാരോട് അനാവശ്യമായി തല്ലുണ്ടാക്കിയ ഒരുത്തി എന്ന രീതിയില്‍ ബസ്സിലെ സ്ത്രീ യാത്രക്കാരടക്കമുള്ളവര്‍ അവരെ തുറിച്ചുനോക്കുന്നു.
പല തരത്തില്‍പ്പെട്ടവര്‍ സംഭവം നടക്കുമ്പോള്‍ ആ ബസ്സിലുണ്ടായിരുന്നു.
ഒന്ന്, ആ ചേച്ചി തങ്ങള്‍ക്ക് വേണ്ടിയാണ് വാദിക്കുന്നതെന്നും തര്‍ക്കിക്കുന്നതെന്നും അറിഞ്ഞിട്ടും പിന്താങ്ങാതെ സീന്‍ കണ്ട് നിന്നിട്ട് അവസാനം 'ഇതെന്തൊരു സ്ത്രീയാദ്...' ന്ന് കമന്‍റ് പാസ്സാക്കിയ സ്ത്രീ യാത്രക്കാര്‍.
മറ്റൊന്ന്, നിഷ്പക്ഷര്‍ എന്ന വിഭാഗം. 'അവരായി അവരുടെ പടായി, നമ്മളതില് എടപെടേണ്ട ആവശ്യമില്ല.' (ഇനി ആരെങ്കിലും എടപെടാന്‍ തൊടങ്ങ്യാല്, 'നിന്‍റെ അമ്മേം പെങ്ങളും ഒന്ന്വല്ലല്ലോ...പിന്നെ നിനക്കെന്താപ്പൊ ഇത്ര സൂക്കേട്?' ന്നൊരു ചോദ്യംകൊണ്ട് തടയാനും ഇക്കൂട്ടര്‍ ശ്രമിക്കും.)
പിന്നൊന്ന് യുവാക്കള്‍,
ഇയര്‍ഫോണ്‍ ഇരു ചെവിട്ടിലേക്കും തിരുകി, തങ്ങളുടെ ഫോണില്‍ തോണ്ടി, തങ്ങളുടേതായ ലോകത്ത് ഇരുന്നിരുന്ന ഈ വിഭാഗത്തിലെ മിക്ക പേര്‍ക്കും പ്രശ്നം എന്താന്ന് തന്നെ മനസിലായില്ല.