Sunday, 14 February 2016

ഔട്ട് ഓഫ് സിലബസ്

ച്ഛൻ ജോലി കഴിഞ്ഞ് വീട്ടിൽ വന്നയുടനെ ബാഗിൽ നിന്നും ഒരു  പൊതിയെടുത്ത് ചിന്നുവിന് കൊടുത്തു.

"എന്താദ്.. ?!" ചിന്നു ചോദിച്ചു.

"നോക്ക്യോക്ക് "

പൊതി ഒന്നു തിരിച്ചും മറിച്ചും നോക്കിയിട്ട് ചിന്നു പൊതിഞ്ഞിരുന്ന കടലാസ് പിച്ചിച്ചീന്തി. അതിനുള്ളിലതാ ഒരു പുസ്തകം!

"ദെന്താ.. ഒരു ബുക്ക്.. ! എന്ത് ബുക്കാദ് ?"

"എന്ത് ബുക്കാ? ചിന്നു പറയൂ..

അതിലെഴുതീണ്ടല്ലോ.. വായിക്ക്.. ചിന്നൂന് വായിക്കാനറിയാല്ലോ.. വായിക്ക്.. അച്ചൻ കേക്കട്ടെ.. "

ചിന്നു വായിക്കാന്‍ തുടങ്ങി :
" ടൊ.....ടോ.....ടോട്ടോ..ചാ.. ചാൻ... ടോട്ടോചാൻ.....!!"

" ആ...ടോട്ടോചാൻ!"

"നല്ല ഭംഗിണ്ട് ഇതിന്‍റെ ചട്ട കാണാൻ... ഹായ്.. ന്താ ഇദില് അച്ചാ? "

" അത് വായിച്ചാലല്ലേ അറിയൂ ചിന്നൂ.. ചിന്നു വായിച്ചോക്ക് "

"ദ് മുഴോനോ?! "

" ആ.. അദേയ് ടോട്ടോചാന്‍റെ കഥ്യാ.."

 "ആരാ അച്ചാ ടോട്ടോചാൻ ??"

"ചിന്നൂനെപ്പോലെ ഒരു വികൃതിക്കുട്ടി ... മോൾക്ക് ടോട്ടോചാന്‍റെ കഥ അറിയണ്ടേ?"

"ഹായ്...! നല്ല മണം !!"
അച്ഛൻ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ പുസ്തകം തുറന്ന് മുഖത്തോട് ചേർത്ത ചിന്നു പറഞ്ഞു.

"ചിന്നൂന് അറിയണ്ടേ ടോട്ടോചാന്‍റെ കഥ?"
അച്ഛൻ ആവർത്തിച്ചുവെങ്കിലും ഓരോ പേജും മറിച്ച് മണത്തു നോക്കുന്നതിന്‍റെ തിരക്കിലായിരുന്നു ചിന്നു.

"അച്ചാ.. എന്ത് നല്ല മണാദ്... നോക്കൂ "

"അച്ചൻ മണത്ത് നോക്കട്ടെ" പുസ്തകം വാങ്ങി മുഖത്തോടു ചേർത്തിട്ട് അച്ഛൻ :
"ഹായ്..! നല്ല മണം! ഇത് പോലെ തന്യാ ഇതിലെ കദേം.. നല്ല രസാ.. "

"അത്യോ?"

"ആ.. ചിന്നുമോൾക്ക് വായിക്കണ്ടേദ്?"

"ദ് വല്യേ ബുക്കല്ലേ.. ഇംഗ്ലീഷ് ടെസ്റ്റിനേക്കാ ഒരുപാട് വൽത്.."

"ആ.. കൊറച്ച് കൊറച്ചായ്ട്ട് വായ്ച്ചാ മതി.. അച്ചൻ ഹെൽപ്പീയാം"

"അയ്യോ.. ദ് മുഴോനും വായ്ക്കാൻ കൊറേ ദീസെട്ക്കും.. അച്ചൻ വായിച്ചണ്ടോദ് ?"

"ണ്ടല്ലോ.. അച്ചൻ മുമ്പ് വായിച്ചണ്ട് "

"അപ്പം ടോട്ടോചാന്‍റെ കദ അച്ചനറിയോ..?"

"അറിയാലോ.. അതല്ലേ നല്ല കദ്യാന്ന് അച്ചൻ പറഞ്ഞേ "

"അപ്പം ടോട്ടോചാന്‍റെ കദ അച്ചൻ ചിന്നൂന് പറഞ്ഞന്നാ മതി"

"അദെന്താ ചിന്നൂന് വായിക്കാൻ അറീല്ലേ.. ചിന്നു നന്നായി വായ്ക്കൂലോ.. മോളിട്ടീച്ചറ് അച്ചനോട് പറഞ്ഞതാലോ ചിന്നു നന്നായി വായ്ക്കുംന്ന് "

"പഷെ, മോളിട്ടീച്ചറ് തന്യാ പറഞ്ഞേക്കണേ അന്നാന്നത്തെ പാടം അന്നാന്ന് പടിക്കണംന്നും, വീട്ടില് പോയാ ടെസ്റ്റ്ബുക്ക് വായിക്കണംന്നും..."

"ആ.. അത് നീയ് ചീയാറ്ണ്ടല്ലോ"

"ഉം.. അദ് കഴിയുമ്പളേക്കും ചിന്നൂന് ഒറക്കം വരൂലോ.. അപ്പെങ്ങന്യാ ചിന്നു ടോട്ടോചാൻ വായിക്കാ?"

"അതൊക്കെ പറ്റും.. ദാ നോക്ക്, ഇതിലൂണ്ട് പാഠങ്ങള്.. ഓരോ ദീസോം ഓരോന്നായിട്ട് വായ്ച്ചാ മതി. അന്നാന്നത്തെ പാടം അന്നാന്ന് പടിക്കണ പോലെ... "

"അയ്യോ.. ചിന്നൂന് എന്നും ഹോമർക്കും ണ്ടാവും.. ഹോമർക്ക് ചെയ്യാദെ ചെന്നാലേയ് മോളിട്ടീച്ചറ് ചീത്ത പറയും. ടീച്ചറ് പുതിയ ചൂരലും വാങ്ങീണ്ട്. ഹെഡ്മാഷടെ മുറീല് വച്ചേക്കണത് റോഷൻ സാമുവല് നിക്ക് കാണിച്ച് തന്നതാ.. "

"ആ, ഹോംവർക്കൊക്കെ ചെയ്യണം"

"അപ്പൊ ഇദെങ്ങന്യാ ചിന്നു വായിക്കാ..?? അച്ചന് ടോട്ടോചാന്‍റെ കദ അറിയാലോ.. ചിന്നു ഒറങ്ങാൻ കെടക്കുമ്പൊ അച്ചൻ പറഞ്ഞന്നാ മതി.. "

"അദേയ്.. മോളേ, അങ്ങനെ പറഞ്ഞു തന്നാൽ രസണ്ടാവില്യ.. അച്ചനാണെങ്കി കൊറേക്കൊ മറന്നും പോയി. ഇദിലേയ് കദ പറയണത് ഓരോരോ അദ്യായങ്ങളായ്ട്ടാ.. മോൾടെ ഇംഗ്ലീഷ് ബുക്കില് ഓരോ ചാപ്റ്റേഴ്സില്യേ, അദ് പോലെ.. ഓരോ ചാപ്റ്ററിലും ഓരോ തമാശക്കദകളാ.. നല്ല രസണ്ടാവും.. അദറിയണെങ്കിലേയ് മോള് വായിക്കന്നെ വേണം "

"ഹായ്...!"
ചിന്നു ഓരോരോ പേജുകളെടുത്ത് മണത്തുകൊണ്ടേയിരിക്കുകയായിരുന്നു. അച്ഛൻ പറയുന്നത് അവൾ ശരിക്കും ശ്രദ്ധിക്കുന്നത് പോലുമില്ല. മണക്കൽ തുടർന്നു കൊണ്ടേയിരുന്നപ്പോൾ അച്ഛൻ ഇടപെട്ടു. പുസ്തകത്തിൽ പിടിച്ചുകൊണ്ട് പറഞ്ഞു:
"മോളേ.. ഇദ് കേക്ക്.. "

"കേക്കണുണ്ടല്ലോ "

"ആ.. ഈ ബുക്കിന്‍റെയീ നല്ല മണല്യേ.. അദ് പോലെ തന്യാ ഇദിലെ കദേം.. നല്ല രസാ.. മോൾക്കിഷ്ടപ്പെടും.. അദോണ്ടാ അച്ചൻ മോൾക്കിദ് വാങ്ങിച്ചോണ്ട് വന്നേ.. ഇദ് വായിക്കാനേ അച്ചൻ ഒരു സൂത്രം പറയാം"

"എന്താ.....?"

"മോൾക്കീ ബുക്കിന്‍റെ മണം ഇഷ്ടായില്യേ ?"

"ഉം.. നല്ല ഇഷ്ടായി "

"ആ.. അപ്പൊ കദേം ഇഷ്ടാവും.. ചിന്നൂന് മണാ വേണ്ടേ കദ്യാ വേണ്ടേ?"

"എനിക്ക്.. മണം മതി അച്ചാ. .. "

"എങ്കി അച്ചൻ പറയണ പോലെ ചെയ്യ്.. മണത്തദ് മതി.. ഇനി മണക്കണെങ്കിലേയ് ഒരു ചാപ്റ്ററ് വായിക്കണം. ന്താ പറ്റ്വോ?"

"അയ്യോ!! "
ചിന്നു പതുക്കെ ഓരോ പേജായി മറിച്ചു നോക്കി. ഒരു ചാപ്റ്ററിന്‍റെ വലിപ്പം നോക്കി അവൾ.

"ദ് കൊറേണ്ടേല്ലോ "

"ന്നാ ഒരു പേജ് വായിച്ചാ ഒരു തവണ മണക്കാം.. അങ്ങനെ ആയാലോ? ന്താ?"

ചിന്നു വീണ്ടും പേജുകൾ മറിച്ചു കൊണ്ടേയിരുന്നു.

"ഓരോ തവണ മണക്കുമ്പഴും മണത്തിന്‍റെ രസം കൂടിക്കൂടി വരും.. "

"ശരിക്കും?"

"നോക്ക്യോക്ക് "
ചിന്നുവിന് പൂർണ്ണവിശ്വാസം വന്നില്ല അപ്പോഴും. അവൾ എന്താ പറയണ്ടേന്ന് ആലോചിച്ചു.

" അച്ചൻ പറയണ പോലെ ചെയ്തോക്ക് "

"ഉം.."
മനസില്ലാ മനസോടെ ചിന്നു സമ്മതിച്ചു.
പുസ്തകവും എടുത്ത് അകത്തെ മുറിയിലേക്ക് പോയി.

----------------------------------------------------------------------------------------------------------------------------

ദിവസങ്ങൾക്ക് ശേഷം ഒരു വൈകുന്നേരം.

അച്ഛൻ ജോലി കഴിഞ്ഞ് വന്ന ഉടനെ ചിന്നു അടുത്ത് കൂടി
"അച്ചാ...."

"ആ.. എന്താ മോളൂ ?"

"ന്താ എന്‍റെ സ്കൂളില് നീന്തൽക്കുളം ഇല്ലാത്തേ?"

"നീന്തൽക്കൊളോ?!
ന്തിനാ നീന്തൽക്കൊളം.. നീയ് സ്കൂളില് കുളിക്കാനാ പോണേ...! "

"പിന്നെ ന്‍റെ സ്കൂളില് ഞങ്ങള് ആൽഫബെറ്റിക്കൽ ഓഡറിലാലോ ഇരിക്കണേ.. എന്നും ഒരു സലത്ത്.. എനിക്ക് റോസിലിന്‍റെയും സ്നേഹ തരകന്റേം  അടുത്തിരിക്കാനാ ഇഷ്ടം.. അവരാ എന്‍റെ ബെസ്റ്റ് ഫ്രണ്ട്സ്.. പഷെ ടീച്ചറ് സമ്മതിക്കില്യ.. അവരെ എന്‍റെ അടുത്തിരിക്കാനും സമ്മതിക്കില്യ.. "

"ആ.. ചെല സ്കൂളോള്ളൊക്കെ ഇപ്പൊ അങ്ങന്യാ.. "

"അച്ചൻ എന്‍റെ ക്ലാസിലെ ബേസില് വരച്ച ചിത്രങ്ങള് കണ്ടണ്ടോ.. നല്ല ചിത്രങ്ങളാ.. പട്ടിക്കുട്ടീനേം കൊരങ്ങച്ചാരേം ഒക്കെ നന്നായി വരക്കും.. ഇനി എന്‍റെ ടെഡി ബെയറിനെ വരച്ച് തരാന്ന് പറഞ്ഞണ്ട്.. പഷെ അവനേയ്, ഇന്നലെ ചൊമരില് വരച്ചൂന്ന് പറഞ്ഞ് ഹെഡ്മാഷ് അവനെ തല്ലി.. അദെന്താ അച്ചാ?"

"പിന്നെ.. ചൊമരൊക്കെ വരച്ച് വൃത്തികേടാക്ക്യാ തല്ല് കിട്ടില്യേ.. നല്ല കുട്ട്യോള് ചെയ്യോ അങ്ങനൊക്കെ...? "

"അച്ചൻ തന്ന പുസ്തകത്തിലെ സ്കൂളില് ഇഷ്ടം പോലെ വരയ്ക്കാലോ... അവിടെ ആർക്ക് വേണേലും എവടെ വേണേലും ഇരിക്കാം.. ഇഷ്ടള്ള ആൾടെ അട്ത്തിരിക്കാം.. ആ സ്കൂളിലേയ് നീന്തൽക്കൊളണ്ട്.. കുട്ട്യോൾക്ക് ഇഷ്ടം പോലെ നീന്തിക്കളിക്കാം.. തീവണ്ടി പോല്യാ അവടത്തെ ക്ലാസോള്.. ഹായ്...! ന്ത് രസാവും...!! ല്ലേ അച്ചാ.. ന്താ അച്ചാ ന്‍റെ ദൊന്നും ഇല്ലാത്തേ.."

"അദ്....."

"എപ്ലും ക്ലാസ്.. അസംബ്ലി, ഹോമർക്ക് , ചോദ്യം ചോദിക്കല്.. ഒരു രസോല്യ.. ശരിക്കൊന്ന് കളിക്കാങ്കൂടി സമയം കിട്ടില്യ.. ആദെന്താ അച്ചാ എന്‍റെ സ്കൂള് അങ്ങനെ..? എന്‍റെ സ്കൂള് ചീത്ത സ്കൂളാ..??"


തന്‍റെ ഒരേയൊരു പുന്നാര മകളെ നഗരത്തിലെ ഏറ്റവും ഉയർന്ന ഫീസുള്ള, മുന്തിയ സ്കൂളിൽ വിട്ട് പഠിപ്പിക്കുന്ന ആ അച്ഛൻ ഉത്തരമില്ലാതെ അങ്ങനെ ഇരുന്നു അൽപ്പ നേരം.