Thursday, 12 February 2015


ദൈവങ്ങളോട്..


ല്ലാം കാണുന്നവരെന്ന് പറയപ്പെടുകയും,
എല്ലാം കേള്‍ക്കുന്നവരെന്ന് നടിക്കുകയും,
സര്‍വ്വതും മനസ്സിലാക്കുന്നവരെന്ന് വിശ്വസിക്കപ്പെടുകയും,
എന്തും പരിഹരിക്കുന്നവരെന്ന വ്യാജഖ്യാതി നേടുകയും
ചെയ്യുന്ന ദൈവങ്ങളേ...
നിങ്ങള്‍ പരാജയപ്പെടുന്നിടത്തു നിന്നും ഞങ്ങള്‍ തുടങ്ങുന്നു.

എല്ലാം കാണുന്നില്ലായിരിക്കാം ഞങ്ങള്‍;
പക്ഷെ, കണ്ടത് കണ്ടില്ലെന്ന് നടിക്കുന്നില്ല.
എല്ലാം ഞങ്ങള്‍ കേള്‍ക്കുന്നില്ലായിരിക്കും;
പക്ഷെ, പരമാവധി കേള്‍ക്കാന്‍ ശ്രമിക്കുന്നു.
സര്‍വതും അറിയുന്നില്ലായിരിക്കും ഞങ്ങള്‍;
എങ്കിലും ഞങ്ങള്‍ അറിവാം ആയുധത്തിന്‍
മൂര്‍ച്ച കൂട്ടിക്കൊണ്ടേയിരിക്കുന്നു.
എല്ലാം പരിഹരിക്കാന്‍ നിങ്ങളുണ്ടായിട്ടും
പലതും ഞങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്നു.

ഒടുവില്‍,
കണ്ടതിന്‍റെയും,
കേട്ടതിന്‍റെയും,
അറിഞ്ഞതിന്‍റെയും,
പരിഹരിച്ചതിന്‍റെയും,
ഖ്യാതി കവരാന്‍ നിങ്ങളെത്തുന്നു.