Saturday, 25 July 2020

ഒരു ഒഴിവു ദിനത്തിൻ്റെ ആലസ്യത്തിൽ നിന്നും മുക്തി നേടുവാനായി നാം
നമ്മുടെ സ്വകാര്യമുറി ഒതുക്കുവാനൊരുങ്ങുന്നു.

ബാലഫലിതങ്ങളും നൂറ്റിയൊന്ന് ഈസോപ്പു കഥകളും മുതൽ ആടുജീവിതവും ആൻ്റി ഡ്യൂറിങും വരെ കണ്ടെത്തുന്നു..

ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ..
ഒരു പൊട്ടിയ വാച്ച്..
കുറച്ച് നാണയത്തുട്ടുകൾ..

ഒഴിഞ്ഞ പേനാക്കൂടുകൾ..
ഒപ്പിട്ടു പഠിച്ച താളുകൾ ഇളകിപ്പോകാറായ ചില നോട്ടുബുക്കുകൾ..
അവയിൽ വെട്ടിത്തീർന്ന പൂജ്യങ്ങൾ !

പകർത്തിയെഴുതിയ സിനിമാപ്പാട്ടുകൾ..
അപക്വമായ കവിതകളെഴുതിയ കടലാസുകൾ..
പഠിച്ചു തീർന്നെന്ന് ഒരു സർട്ടിഫിക്കറ്റിനാൽ സാക്ഷ്യപ്പെടുത്തിയ ഒരുപാട് പാഠപുസ്തകങ്ങൾ..

ദിനപ്പത്രങ്ങളിൽ നിന്നും വെട്ടിയെടുത്ത് സൂക്ഷിച്ച വാർത്തകൾ, വിശേഷങ്ങൾ..
എഴുതി മുഴുമിക്കാതെ പോയ നോട്ട്പാഡുകൾ, മഹാന്മാരുടെ വചനങ്ങൾ..

കാലം അടയാളപ്പെടുത്തിയ കലാലയ മാഗസിനുകൾ..
വാരാന്ത-ആഴ്ച-മാസപ്പതിപ്പുകൾ..
വർണ്ണക്കടലാസുകൾ, നോട്ടീസുകൾ..
തെരഞ്ഞെടുപ്പുകളിൽ തോറ്റവരുടെയും ജയിച്ചവരുടെയും അഭ്യർത്ഥനകൾ..

ഒടുവിൽ,
ചുവന്ന ഹൃദയം വിളക്കിച്ചേർത്ത ഒരു കൈച്ചെയിൻ കൂടി നാം കണ്ടെത്തുന്നു.

ഇനിയുമെന്തിനാണിതെല്ലാമെടുത്തു വെയ്ക്കുന്നതെന്നു ചിന്തിക്കാതെ
നാം ഓരോന്നായി അടുക്കി ഒതുക്കുന്നു.

ഒരു നെടുവീർപ്പിൻ്റെ അകമ്പടിയോടെ
വലിച്ചു വാരിയിട്ട സ്വപ്നങ്ങളുമായി നാം ജീവിതം തുടരുന്നു..

-----------------------------------------------------------------------------------------------

'ജീവിത വിജയത്തിന് 101 മാർഗ്ഗങ്ങൾ' എന്ന പുസ്തകം മാത്രം നാം ഉപേക്ഷിക്കുന്നു.