Saturday, 5 September 2020

എൻ്റെ ആദ്യത്തെ ടീച്ചർ

 സെപ്തംബർ 5, അദ്ധ്യാപക ദിനം.


അംഗനവാടിയിലും പല പല സ്കൂളുകളിലും രണ്ട് കോളേജുകളിലുമായി 18 വർഷത്തെ പഠനജീവിതത്തിൽ നിരവധി അദ്ധ്യാപകർ...

ഓർമ്മകളിലേക്ക് തിരിച്ചു നടന്നാൽ സന്തോഷം പകരുന്ന ഒരു പുഞ്ചിരി, സ്നേഹത്തിൽ പൊതിഞ്ഞ ഒരു ശാസന, ദീർഘനേരം നീണ്ടുനിൽക്കുന്ന ഒരു ഉപദേശപ്രസംഗം, ജെനറേഷൻ ഗ്യാപ്പ് പരസ്പരം സൂക്ഷിച്ചുകൊണ്ടുള്ള ഒരു സംവാദം - ഇതൊക്കെയായി ഒട്ടേറെ അദ്ധ്യാപക വദനങ്ങൾ കാണാം.

പക്ഷെ, പോയകാലത്തിലൂടെ അങ്ങേയറ്റം വരെ നടക്കാനാണ് ഈ അദ്ധ്യാപക ദിനത്തിൽ തീരുമാനിച്ചത്. അൽപ്പം ശ്രമകരമായിരുന്നു. ഓർമ്മകളുടെ വഴിത്താരകൾ അവസാനിക്കുന്നിടത്തു നിന്നാണ് എൻ്റെ ആദ്യത്തെ ടീച്ചറെ ഞാൻ കണ്ടെത്തിയത്.

ഒരിക്കൽ ടീച്ചർ അംഗനവാടിയിൽ എൻ്റെ സഹപാഠിയായ കുട്ടിയെ മടിയിലിരുത്തി കളിപ്പിക്കുകയായിരുന്നു. ഇത് കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല. ഞാൻ ഓടിച്ചെന്ന് ആ കുട്ടിയെ തളളിയിട്ട് ടീച്ചറുടെ മടിയിൽ കയറി ഇരുന്നു. ഇതുകണ്ട് ടീച്ചർക്ക് വല്ലാത്ത ദേഷ്യം വന്നു. അന്ന് എനിക്ക് ഒരുപാട് ചീത്തയും തല്ലും കിട്ടി.

ഞാൻ കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് പോയത്. വീട്ടിലെത്തിയിട്ടും കരച്ചിൽ നിർത്താനായില്ല. മോങ്ങിക്കൊണ്ടേയിരുന്നു. കുറേ നേരം മുറിയിലിരുന്ന് നിർത്താതെ കരഞ്ഞപ്പോൾ അതാ വരുന്നു ടീച്ചർ.. എൻ്റെ അടുത്തേക്ക് വന്ന് എന്നെ എഴുന്നേൽപ്പിച്ച് കണ്ണുതുടച്ച് കവിളിൽ തലോടി മുടി കോതി വെച്ചുകൊണ്ട് ടീച്ചർ ചോദിച്ചു, "എന്തിനാ കുട്ടൻ കരയുന്നേ... ?"

എന്നിട്ട് എന്നെ മടിയിൽ കിടത്തി.

"എത്ര വേണേലും കിടന്നോളൂ ട്ടോ.." 

നിർത്താതെ മുടിയിഴകൾക്കിടയിലൂടെ വിരലോടിച്ച് തഴുകിക്കൊണ്ടിരുന്നു.

രാവിലെ അംഗനവാടിയിൽ ഉണ്ടായ രംഗങ്ങളായിരുന്നു എൻ്റെ മനസ്സ് നിറയെ. ഞാൻ വീണ്ടും വീണ്ടും കരഞ്ഞു. ആ മടിയിൽ മുഖമമർത്തിക്കൊണ്ട് കരഞ്ഞു. കരഞ്ഞ് തളർന്നെപ്പോഴോ ഉറങ്ങിപ്പോയി. ആ രാത്രി മുഴുവൻ ആ മടിയിലങ്ങനെ..

അന്ന് രാവിലെയാണ് മറ്റൊരുകുട്ടിയെ തള്ളിയിട്ട് ആ മടിയിൽ കയറിയതിന് പൊതിരെ തല്ലു കിട്ടിയത്. അതോർത്താണ് അന്നു മുഴുവൻ കരഞ്ഞു തീർത്തത്. ഒടുവിൽ ആ സങ്കടത്തിൻ്റെ തീയണയ്ക്കാൻ ആ മടിയിലേക്ക് തന്നെ ചായേണ്ടി വന്നു. അതാണെൻ്റെ ആദ്യത്തെ ടീച്ചർ! 

ഒരുപാട് കുട്ടികളെ പഠിപ്പിക്കുമ്പോൾ അതിനിടയിൽ സ്വന്തം മകനെ വേർതിരിച്ച് കാണാത്തവൾ ! 

അമ്മയുടെ മടിയിൽ മറ്റൊരു കുട്ടി കേറിയിരിക്കുന്നത് കണ്ടപ്പോളുണ്ടായ അസൂയകൊണ്ട് മകൻ ചെയ്ത തെറ്റിന് മറ്റൊന്നും നോക്കാതെ ശിക്ഷിച്ചവൾ..

ഒടുവിൽ അമ്മയായി വീട്ടിലെത്തിയപ്പോൾ പുന്നാര മകനെ മടിയിൽ നിന്നിറക്കാതെ താലോലിച്ചവൾ.. 

എൻ്റെ അമ്മ..

എൻ്റെ ആദ്യത്തെ ടീച്ചർ.. !!


2014 സെപ്തംബർ 5

No comments:

Post a Comment