
TRAVORZ എന്ന യാത്രാസംഘം 2017 ഏപ്രിൽ 1 , 2 തിയതികളിലായി പൊള്ളാച്ചി - വാൽപ്പാറയിലേക്ക് നടത്തിയ യാത്രയുടെ വിവരണം
'Travorz'
എന്ന യാത്രാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഏകദേശം ഒരു വർഷത്തിന് ശേഷമാണ്
വീണ്ടുമൊരു ട്രിപ്പ് പോകുന്നത്. വാൽപ്പാറയിലേക്കായിരുന്നു യാത്ര.
എറണാകുളം
ജില്ലയിലെ ആമ്പല്ലൂരിൽ നിന്നും ആരംഭിച്ച് പൊള്ളാച്ചി വഴി വാൽപ്പാറ ചെന്ന്
അതിരപ്പിള്ളി വഴി തിരിച്ച് വരാനായിരുന്നു പ്ലാൻ. വിവേക്, ദീപക് (നന്ദു),
അഖിൽ, അജയ് (അപ്പു), മിഥുൻ എന്നിവരായിരുന്നു യാത്രയിൽ ഉണ്ടായിരുത്. പോകുന്ന
വണ്ടി പതിവ് പോലെ വിവേകേട്ടന്റെ ഡിസയർ തന്നെ. ഏപ്രിൽ 1-ന്
വൈകുന്നേരം പുറപ്പെട്ട് ഏപ്രിൽ 2ന് വൈകീട്ട് തിരിച്ച് ആമ്പല്ലൂരിൽ
എത്തുംവിധമായിരുന്നു പ്ലാൻ.
ഏപ്രിൽ 1, ശനി
--------------------
വൈകുന്നേരം
5.30ന് പുറപ്പെടാനായിരുന്നു നിശ്ചയിച്ചത്. ഞാൻ രാവിലെ തന്നെ
വടക്കാഞ്ചേരിയിൽ നിന്നും ആമ്പല്ലൂരിൽ എത്തിയിരുന്നു. അഖിലും അപ്പുവും
മരങ്ങാട്ടുപിളളിയിൽ നിന്നും, നന്ദുവേട്ടൻ ജോലി കഴിഞ്ഞ് പാലാരിവട്ടത്ത്
നിന്നും, 5 മണിയോടു കൂടി എത്താമെന്ന് തീരുമാനിച്ചിരുന്നു. അഞ്ചരയോടു കൂടി
അഖിലും അപ്പുവും എത്തി. 5.45ന് നന്ദുവേട്ടനും എത്തി. 6 മണിക്ക് അൽപ്പം
മുമ്പായി ഞങ്ങൾ 5 പേരും കൂടി യാത്ര തുടങ്ങി.
പൊള്ളാച്ചിയാണ്
ആദ്യ ലക്ഷ്യസ്ഥാനം. ഏകദേശം 11 മണിയോടു കൂടി പൊള്ളാച്ചി എത്താൻ
കഴിയുമെന്നായിരുന്നു കണക്കു കൂട്ടൽ. ഇത് സംബന്ധിച്ച് ഒരു ചെറിയ തർക്കം
ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. അതിലും വൈകിയേ എത്താൻ കഴിയൂ എന്നതായിരുന്നു
നന്ദുവേട്ടന്റെ വാദം. വഴിയിലുടനീളം റോഡിന്റെ പണി നടക്കുന്നതിനാൽ വേഗത്തിൽ
പോകാൻ കഴിയില്ല എന്നതിനാലാണ് അങ്ങനെ പറഞ്ഞത്. 7.30-ന്
ആലുവ പിന്നിട്ട ഞങ്ങൾ അത്താണിയിൽ ചായ കുടിക്കുവാൻ നിർത്തി. ഒരു 15
മിനിറ്റിനുള്ളിൽ ചായ കുടി കഴിഞ്ഞ് യാത്ര തുടർന്നു. ഈ സമയത്ത് നന്ദുവേട്ടൻ
കൂട്ടുകാരനിൽ നിന്നും കടം വാങ്ങി കൊണ്ടുവന്ന SLR ക്യാമറയുടെ Settings
മനസിലാക്കാൻ ശ്രമിക്കുകയായിരുന്നു മറ്റുള്ളവർ. 9.15-ന് മണ്ണുത്തി എത്തിയ
ഞങ്ങൾ ചിറക്കക്കോട് എന്ന സ്ഥലത്തിനടുത്ത് ദേശീയ പാതയ്ക്ക് അരികിലുള്ള
സ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. ഭക്ഷണം കഴിഞ്ഞ് 9.45-ഓട് കൂടി
യാത്ര പുനരാരംഭിച്ചു.
നന്ദുവേട്ടൻ
പറഞ്ഞതു പ്രകാരം റോഡിലാകെ പണി നടക്കുന്നതിനാൽ മുഴുവനായും റോഡ്
ഉപയോഗയോഗ്യമായിരുന്നില്ല. നിയന്ത്രണമുണ്ടായിരുന്നതിനാൽ വലിയ വേഗതയിൽ
പോകുവാൻ കഴിഞ്ഞില്ല. NH 544-ലൂടെയാണ് യാത്ര. ഈ വഴിയിലൂടെയുള്ള യാത്രയിലാകെ
ഞങ്ങളുടെ ആശങ്ക പൊള്ളാച്ചിയിൽ തങ്ങാനുള്ള ഇടത്തെപ്പറ്റിയായിരുന്നു.
ലോഡ്ജുകളൊന്നും മുൻകൂട്ടി ബുക്ക് ചെയ്തിരുന്നില്ല. അവിടുത്തെ
താമസിക്കാനുള്ള സംവിധാനങ്ങളെപ്പറ്റി അന്വേഷിച്ചപ്പോൾ കിട്ടിയ ഒരു
ലോഡ്ജിന്റെ പേര് മാത്രമേ അറിവ് ആയി ഉണ്ടായിരുന്നുള്ളൂ. താമസം അവിടെ ചെന്ന്
ശരിയാക്കാം എന്നാണ് കരുതിയിരുന്നത്. എന്നിരുന്നാലും യാത്രാമധ്യേ ഇന്റര്നെറ്റില് പൊള്ളാച്ചിയിലെ ചില ലോഡ്ജുകളുടെ നമ്പറുകൾ
സംഘടിപ്പിച്ച് വിളിച്ച് നോക്കി. വിളിച്ച രണ്ട് സ്ഥലങ്ങളിലും റൂം ഒഴിവില്ല
എന്ന മറുപടിയായിരുന്നു ലഭിച്ചത്. ഇത് ഞങ്ങളുടെ ആശങ്ക വർധിപ്പിച്ചു.
പാലക്കാട് എത്തിയപ്പോൾ കൊച്ചി-സേലം റൂട്ടിൽ നിന്നും ഞങ്ങൾ പൊള്ളാച്ചി
റൂട്ടിലേക്ക് തിരിഞ്ഞു. തമിഴ്നാട് ചെക്ക്പോസ്റ്റിൽ ഞങ്ങളെ തടയുകയും
വണ്ടിയാകെ പരിശോധിക്കുകയും ചെയ്തു. വണ്ടിയുടെ രേഖകളും പരിശോധിച്ചു. RC ഓണർ
കൂടെയില്ലെന്ന കാരണം പറഞ്ഞ് 200 രൂപ ചാർജ് ചെയ്തു. അതിനു ശേഷം ഞങ്ങൾ യാത്ര
തുടർന്നു.
11.45-ന്
പൊള്ളാച്ചിയിൽ എത്തി. മെയിൻ റോഡിന് ഓരത്ത് ഒരു ലോഡ്ജ് കണ്ടു. നല്ല സ്ഥലം
ആണെന്ന് തോന്നിയത് കൊണ്ട് അങ്ങോട്ട് ചെന്നപ്പോൾ അവിടേയും ഫുള്ളാണെന്ന്
പറഞ്ഞു. അവിടുത്തെ സെക്യൂരിറ്റി പറഞ്ഞു തന്ന വഴിയിലൂടെ ഞങ്ങൾ ലോഡ്ജും
അന്വേഷിച്ച് വണ്ടിയെടുത്തു. ടൗണിൽ നിന്നും അടുത്ത് തന്നെ ആയിട്ട് ഒരു
ലോഡ്ജിൽ റൂം കിട്ടി. SKR ലോഡ്ജ്. അവിടെ സൗകര്യങ്ങളും വൃത്തിയും
കുറവായിരുന്നു. എന്നിരുന്നാലും ഇനിയും അന്വേഷിച്ച് അലയാൻ വയ്യെന്ന് കരുതി ആ
റൂം എടുത്തു. അപ്പോഴേക്കും സമയം 12.30 ആവാറായിരുന്നു. 1000 രൂപയാണ് റൂമിന്
ചിലവായത്. റൂമിൽ ചെന്ന് ഫ്രഷ് ആയി. കയ്യിലുള്ള ക്യാമറയിലെ Settings
പൂർണ്ണമായും മനസിലാക്കിയിരുന്നില്ല. നന്ദുവേട്ടനും മറ്റുള്ളവരും ആ പണിയിൽ
ഏർപ്പെട്ടിരുന്നപ്പോൾ ഞാൻ അടുത്ത ദിവസത്തെ പദ്ധതി തയ്യാറാക്കുകയായിരുന്നു.
റൂമിൽ വച്ച് കുറേ ഫോട്ടോ എടുക്കലും അത്യാവശ്യം വർത്തമാനങ്ങളും പ്ലാനിങും
കഴിഞ്ഞപ്പോഴേക്കും 2 മണി ആവാറായി. അഖിലും അപ്പുവും അപ്പോഴേക്കും
ഉറങ്ങിയിരുന്നു. പിറ്റേന്ന് കാലത്ത് 5.30-ന് യാത്ര തുടങ്ങണം എന്ന പ്ലാനോടെ
എല്ലാവരുടേയും ഫോണിൽ 5 മണിക്ക് അലാറവും വച്ച് കിടന്നുറങ്ങി. നല്ല ചൂടും
പുഴുക്കവും അടുത്ത റൂമിൽ നിന്നുള്ള ബഹളവും മൂലം ഉറക്കം അൽപ്പം
ദുഷ്കരമായിരുന്നു.
ഏപ്രിൽ 2, ഞായർ
------------------------
രാവിലെ
5 മണിക്ക് തന്നെ എഴുന്നേറ്റു. എല്ലാവരും എഴുന്നേറ്റ് പോകാൻ
ഒരുങ്ങിയപ്പോഴേക്കും 5.45 ആയി. മുറി പൂട്ടി ഇറങ്ങിയപ്പോഴേക്കും ഏതാണ്ട് 6
മണി ആവാറായി. ലോഡ്ജിന് മുമ്പിലുള്ള ഹോട്ടലിൽ നിന്ന് ഓരോ ചായയും കുടിച്ച്
പുറപ്പെട്ടു. വാൽപ്പാറയ്ക്കുള്ള വഴി ലോഡ്ജിലെ റിസപ്ഷനിലെ ചേട്ടനോട്
ചോദിച്ച് മനസിലാക്കിയിരുന്നു. എങ്കിലും പൊള്ളാച്ചി ജങ്ഷനിൽ അൽപ്പം
ആശയക്കുഴപ്പം ഉണ്ടായി. പക്ഷെ അധികം ചുറ്റാതെ തന്നെ വാൽപ്പാറ റൂട്ടിൽ എത്തി.
തമിഴ്നാട്ടിലെ
കോയമ്പത്തൂർ ജില്ലയിലാണ് വാൽപ്പാറ സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിൽ
ഉൾപ്പെടുന്ന ആനമല ഹിൽ റേയ്ഞ്ചിൽ സമുദ്രനിരപ്പിന് 1100 മീറ്റർ മുകളിൽ
നിൽക്കുന്ന പ്രദേശമാണ് വാൽപ്പാറ. 12 ഡാമുകളും ജലവൈദ്യുത പദ്ധതികളും
വാൽപ്പാറ ടൂറിസം പ്രദേശത്ത് ഉണ്ട്. ഇത്രയും ഡാമുകളും ജലവൈദ്യുത
പദ്ധതികളുമുള്ള മറ്റൊരു പ്രദേശം ലോകത്ത് തന്നെ വേറെയില്ല. വാൽപ്പാറയെ
ലക്ഷ്യം വച്ച് കുറച്ചു ദൂരം സഞ്ചരിച്ച് കഴിഞ്ഞപ്പോഴേക്കും ടൗൺ ഏരിയ വിട്ട്
പച്ചപ്പുള്ള പ്രദേശങ്ങൾ ആയി. റോഡിന് കുറുകെ മയിലുകൾ കടന്നു പോകുന്ന കാഴ്ച
കണ്ടു. കുറച്ച് ചെന്നപ്പോഴേക്കും ആനമലൈ ടൈഗർ റിസർവിന്റെ കവാടമെത്തി. അകത്ത്
പ്രവേശിക്കണമെങ്കിൽ ഒരാൾക്ക് 30 രൂപ ടിക്കറ്റെടുക്കണം. ടിക്കറ്റെടുത്ത്
ഞങ്ങൾ യാത്ര തുടർന്നു.
6.45ന്
ആളിയാർ ഡാമിന്റെ പരിസരത്ത് എത്തി. 7 മണിക്ക് ഞങ്ങൾ ചിന്നാർ ബ്രിഡ്ജ്
പിന്നിട്ടു. അതിനു ശേഷം മങ്കി ഫോൾസിന് അടുത്തെത്തി. മങ്കി ഫോൾസിൽ വെള്ളം
ഇല്ലാത്തതിനാൽ അവിടെ കാണാൻ ഒന്നുമില്ലായിരുന്നു. യാത്ര തുടരവെ വഴിയിൽ ഒരു
വെള്ളച്ചാട്ടത്തിനടുത്ത് ഞങ്ങൾ വണ്ടി നിറുത്തി. പാറക്കെട്ടുകൾക്കിടയിലൂടെ
വെള്ളം പാതയോരത്തേക്ക് വീഴുന്ന കാഴ്ച മാത്രമല്ല അവിടെ ഉണ്ടായിരുന്നത്.
അതിന്റെ നേരെ എതിർവശത്ത് ആളിയാർ പുഴ കാണാം. പുഴയ്ക്കപ്പുറം മലകൾക്ക് മുകളിൽ
ആകാശത്ത് ഓറഞ്ച് നിറത്തിലുള്ള ഉദയ സൂര്യൻ നിൽക്കുന്ന അതിമനോഹര ദൃശ്യമാണ്
ഞങ്ങൾക്ക് ലഭിച്ചത്. പകലും പുഴയും മലയും ഉദയസൂര്യനും ചേർന്ന് ഒരുക്കിയ
ദൃശ്യവിരുന്ന്, ഞങ്ങൾ അവിടെ ചെന്ന ആ സമയത്തു മാത്രം നുകരാൻ കഴിയുന്ന
പ്രകൃതി ചാരുത, അത് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഞങ്ങൾ കാഴ്ചയെല്ലാം കണ്ട്
ചിത്രങ്ങളും പകർത്തി അൽപ്പനേരം ചിലവഴിച്ചാണ് യാത്ര തുടർന്നത്.
അതിരപ്പിള്ളിയിലെയൊക്കെപ്പോലെ
വിനോദസഞ്ചാരികളുടെ ഒരു തിരക്ക് ഇവിടെയില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത്
യാത്രയ്ക്ക് അനുകൂലമായി. പൊള്ളാച്ചിയിൽ നിന്നും വാൽപ്പാറയ്ക്ക് അതിരാവിലെ
മുതൽ ഉച്ചവരെ അര മണിക്കൂർ കൂടുമ്പോൾ ബസ്സുകളുണ്ട്. ഞങ്ങളുടെ യാത്രയിൽ
ഏതാനും ബസ്സുകൾ കടന്നു പോയി. പിന്നേയും യാത്ര തുടർന്നപ്പോൾ ഹെയർ പിന്നുകൾ
ആരംഭിച്ചു. 40 ഹെയർ പിന്നുകളാണ് ഉള്ളത്. എല്ലാം കയറ്റങ്ങൾ അല്ല.
വാൽപ്പാറയോട് അടുക്കുമ്പോൾ അവസാനത്തെ ഹെയർ പിന്നുകൾ ഇറക്കങ്ങളാണ്. ഹെയർ
പിന്നുകൾ ഓരോന്നായി പിന്നിട്ട് ഞങ്ങൾ നീങ്ങി.
16-)മത്
ഹെയർ പിന്നും കഴിഞ്ഞ് 7.30 ന് ഞങ്ങൾ അട്ടക്കട്ടിയിൽ എത്തി. പിന്നെയും
മുന്നോട്ട്. 27-)മത്തെ ഹെയർ പിൻ കഴിഞ്ഞപ്പോൾ അവിടെ ഒരു ചെറിയ വെള്ളച്ചാട്ടം
കണ്ടു. ഇവിടെ നിന്നും ചാലക്കുടിക്ക് 128 കിലോമീറ്റർ ദൂരമുണ്ട്. വഴിമധ്യേ
ഏതാനും ആടുകളേയും കുരങ്ങന്മാരേയും കണ്ടിരുന്നു. 32-)മത്തെ ഹെയർ പിൻ
കഴിഞ്ഞാണ് കാർവർ മാർഷ് മോണുമെന്റ്. കാർവർ മാർഷ് എന്ന ബ്രിട്ടീഷുകാരന്റെ
പ്രതിമയാണ് അവിടെയുള്ളത്. ദീർഘനാൾ ഈ പ്രദേശത്ത് താമസിച്ച് ഈ പ്രദേശത്തിന്
വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുള്ള ആളാണത്രേ കാർവർ മാർഷ്. ഞങ്ങൾ
പ്രതിമയുടെ അടുത്ത് വണ്ടി നിർത്തി കുറച്ച് ചിത്രങ്ങൾ പകർത്തി. അവിടെ
നിന്നാൽ അതിരറ്റു കിടക്കുന്ന തേയില തോട്ടവും പച്ച വിരിച്ച മലകളും കാണാം.
അതിന്റെ പശ്ചാത്തലത്തിൽ കുറേ ചിത്രങ്ങൾ എടുത്തു. പല വണ്ടികളും കടന്നു
പോയെങ്കിലും ആരും അവിടെ നിർത്തിയില്ല. അവസാനം ഞങ്ങൾ യാത്ര തുടരാൻ വണ്ടിയിൽ
കയറിയപ്പോഴായിരുന്നു മറ്റൊരു സംഘം കാർവർ മാർഷ് മോണുമെന്റിലേക്ക് വന്നത്. 40
ഹെയർ പിന്നുകളും കഴിഞ്ഞ് ചെല്ലുമ്പോഴാണ് ബാലാജി ടെമ്പിൾ. ടെമ്പിളിലേക്ക്
പോകാൻ പ്രധാന വഴിയിൽ നിന്നും തിരിഞ്ഞ് അൽപ്പം പോവേണ്ടിയിരുന്നു. ഞങ്ങൾ
ടെമ്പിളിലേക്ക് തിരിയാതെ നേരെ വാൽപ്പാറയ്ക്ക് വിട്ടു.
| ഹെയർ പിന്നുകളിലൂടെയുള്ള യാത്ര - കാറിൽ നിന്നുള്ള ദൃശ്യം |
| Carver Marsh Monument |
8.40ന്
ഞങ്ങൾ വാൽപ്പാറ ടൗണിൽ എത്തി. അത്യാവശ്യം നല്ല ഹോട്ടലുകളും ലോഡ്ജുകളും
ഒക്കെയുള്ള ഒരു ചെറിയ ടൗണാണ് വാൽപ്പാറ. ടൗണിൽ തന്നെയുള്ള ഗ്രീൻ ഹിൽ
ഹോട്ടലിലേക്കാണ് ഞങ്ങൾ പ്രഭാത ഭക്ഷണം കഴിക്കുവാൻ ചെന്നത്. അവിടെ നിന്നും
ഭക്ഷണം കഴിഞ്ഞ് 9.30 ന് ഞങ്ങൾ ഇറങ്ങി. വാൽപ്പാറ ടൗൺ പരിസരത്തായി കാണാൻ
ഒന്നും തന്നെയില്ല. അതിനാൽ ഞങ്ങൾ യാത്ര തുടർന്നു. തേയില തോട്ടങ്ങൾക്ക്
നടുവിലൂടെയാണ് റോഡ്. തോട്ടങ്ങളിൽ ചില ഭാഗങ്ങളിൽ തേയിലകൾ കരിഞ്ഞ് ചാര
നിറമായി നിൽക്കുന്നത് കണ്ടു. അപ്പോഴേക്കും വെയിൽ വീണു തുടങ്ങിയിരുന്നു. 10
മണി കഴിഞ്ഞ് ഉരുളിക്കൽ എന്ന സ്ഥലത്ത് തണല് നോക്കി ഞങ്ങൾ വണ്ടി നിർത്തി.
തേയില തോട്ടങ്ങൾ താഴേക്ക് പരന്നു കിടക്കുന്ന കാഴ്ച അവിടെ നിന്നും
കാണാമായിരുന്നു. വാൽപ്പാറ വിട്ടതിന് ശേഷം ധാരാളം യാത്രാ സംഘങ്ങളെ
കണ്ടിരുന്നു. ബൈക്കിൽ വരുന്ന റൈഡർ സംഘങ്ങൾ ഏറെ ഉണ്ടായിരുന്നു. കുറച്ച് നേരം
ഉരുളിക്കലിൽ ചിലവഴിച്ച് ഇറങ്ങിയ ഞങ്ങൾ 10.50ന് ഷോളയാർ ഡാമിൽ എത്തി. ഡാമിന്
മുകളിലേക്ക് പോകുന്ന വഴി അടച്ചിട്ടിരിക്കുകയായിരുന്നു. അത്
തുറന്നിരിക്കുകയാണെങ്കിൽ പോലും അസഹ്യമായ വെയിലായിരുന്നു ഡാമിന്റ മുകളിൽ.
ഡാമിന്റെ ഷട്ടറിനു താഴെ വെളളം ഒഴുകി വരുന്നതിന് കുറുകേ ആണ് മെയിൻ റോഡ്.
അവിടെയുള്ള പാലത്തിൽ നിന്നാൽ ഡാം മുഴുവനായും കാണാൻ സാധിക്കും. വെള്ളം
തുറന്നു വിടാത്ത സമയമായതിനാൽ വരണ്ടുണങ്ങിയ കാഴ്ച തീരെ സുഖം പകരുന്നതല്ല.
പാലം കടന്നതിന് ശേഷം ഞങ്ങൾ അവിടെ നിർത്തി. വെയിൽ ആയിരുന്നെങ്കിൽ പോലും
അവിടെ ഇറങ്ങി. ഡാമിന്റെ മുകൾഭാഗം വരെ താഴെ നിന്ന് പടികൾ ഉണ്ട്. ഞങ്ങൾ പടികൾ
കയറി മുകളിലേക്ക് പോയി. ആകെ വരണ്ട് ഉണങ്ങി കിടക്കുകയാണ് ഡാമിന്റെ അടിഭാഗം.
വളരെ കുറച്ച് സമയം മാത്രം അവിടെ ചിലവഴിച്ച് ഞങ്ങൾ യാത്ര തുടർന്നു.
![]() |
| ഷോളയാർ ഡാം പാലം |
![]() |
| ഷോളയാർ ഡാം |
ഇനി
എത്താനുള്ളത് മലക്കപ്പാറ ആണ്. മനോഹരമായ കാഴ്ചകളുള്ള വഴിയാണ് മലക്കപ്പാറ -
വാഴച്ചാൽ - അതിരപ്പിള്ളി റൂട്ട്. ആ വഴിയിലൂടെയുള്ള യാത്ര തീർത്തും
ആനന്ദകരമായിരുന്നു. ചില സ്ഥലങ്ങളിൽ ഞങ്ങൾ വണ്ടി നിർത്തി അൽപ്പസമയം
ചിലവഴിച്ചു. ഏകദേശം ഒന്നര കഴിഞ്ഞപ്പോൾ ഞങ്ങൾ അതിരപ്പിള്ളിയിൽ എത്തി. വാഴച്ചാലിൽ
ചെക്ക്പോസ്റ്റ് കടക്കുവാൻ അവിടെ ഞങ്ങൾക്ക് വിവരങ്ങൾ നൽകേണ്ടി വന്നു.
മലക്കപ്പാറയിൽ എത്തുമ്പോൾ അവിടെ ഒരു ചെക്ക്പോസ്റ്റ് ഉണ്ട്. അവിടെ
വണ്ടിയുടേയും യാത്രക്കാരുടേയും വിവരങ്ങൾ നൽകിയാൽ പാസ് നൽകും. ഈ പാസ്
വാഴച്ചാൽ ചെക്ക്പോസ്റ്റിൽ കൊടുക്കണം.
| വാൽപ്പാറ - വാഴച്ചാൽ റൂട്ട് |
| വാൽപ്പാറ - വാഴച്ചാൽ റൂട്ട് |
വാഴച്ചാലും
അതിരപ്പിള്ളിയും ഞങ്ങൾ മുമ്പ് നടത്തിയ ഒരു യാത്രയിൽ സന്ദർശിച്ചതാണ്.
അതിനാൽ അവിടെയൊന്നും ഇറങ്ങിയില്ല. അതിരപ്പിള്ളിയിൽ അപ്പോഴും വൻ തിരക്ക്
തന്നെ. വരിവരിയായി വിനോദയാത്രാ സംഘങ്ങളുടെ വണ്ടികൾ വഴിയോരത്ത് കിടക്കുന്നത്
കണ്ടു.
അതിരപ്പിള്ളിയിൽ
നിന്നും ചാലക്കുടി പോകുന്ന വഴി ഹോട്ടൽ ഗ്രീൻ വാലിയിൽ ഉച്ചഭക്ഷണം കഴിക്കുവാൻ
കയറി. നല്ലവണ്ണം ഭക്ഷണം കഴിച്ച് അൽപ്പം വിശ്രമിച്ച് യാത്ര തുടർന്നു.
ഇടയ്ക്ക് നല്ല തണലും പാറക്കെട്ടുകളും മുളങ്കൂട്ടവും ഉള്ള ഒരിടത്ത് നിർത്തി
അൽപ്പസമയം ചിലവഴിച്ചു. ഞങ്ങൾ പ്ലാൻ ചെയ്തതിലും വളരെ നേരത്തെ തന്നെ
ചാലക്കുടി എത്തി. അതിനാൽ മടക്കയാത്രയിൽ ഞങ്ങൾക്ക് ധൃതികൂട്ടി പോകേണ്ടി
വന്നില്ല. 3.30ന് ചാലക്കുടിയിൽ എത്തി. ഞാൻ അവിടെ ഇറങ്ങി
വടക്കാഞ്ചേരിയിലേക്ക് പോന്നു. ബാക്കിയുള്ളവർ നേരേ ആമ്പല്ലൂർക്കും വിട്ടു.
| അതിരപ്പിള്ളി - ചാലക്കുടി വഴിയിൽ |
പ്രതികൂലമായ
കാലവസ്ഥ ആണെങ്കിൽ പോലും മനം കവരുന്ന യാത്ര ആയിരുന്നു പൊള്ളാച്ചി -
വാൽപ്പാറ യാത്ര. ധാരാളം വെള്ളമുള്ള സമയത്ത് വരികയാണെങ്കിൽ വാൽപ്പാറ
ടൂറിസത്തിന്റെ ടാഗ് ലൈൻ പോലെ 'Seventh Heaven' ശരിക്കും അനുഭവിക്കുവാൻ
കഴിഞ്ഞേനെ. വാൽപ്പാറയിൽ ആണ് കാണാൻ സ്ഥലങ്ങൾ ഉള്ളത് എന്ന് കരുതുന്നവർക്ക്
തെറ്റി. വാൽപ്പാറയിൽ പോയി അതേ വഴി തിരിച്ച് വരുന്നവർക്കും പകുതി ആസ്വാദനമേ
ലഭിക്കുന്നുള്ളൂ. തീർച്ചയായും കാണാൻ ഉള്ള സ്ഥലങ്ങളേക്കാൾ അതിരപ്പിള്ളി -
മലക്കപ്പാറ - വാൽപ്പാറ - പൊള്ളാച്ചി റൂട്ടിലൂടെയുള്ള യാത്ര തന്നെയാണ്
മറക്കാനാവാത്ത അനുഭവം. അതുകൊണ്ട് തന്നെയാണ് ബൈക്കുമെടുത്ത് പല റൈഡർ
സംഘങ്ങളും വാൽപ്പാറയ്ക്ക് വച്ച് പിടിക്കുന്നതും.
| യാത്ര നടത്തിയ TRAVORZ അംഗങ്ങൾ - വിവേക്, അജയ് (അപ്പു), മിഥുൻ, അഖിൽ, ദീപക് (നന്ദു) |


വളരെ നല്ലൊരു ട്രിപ് ആയിരുന്നു ഇത്തവണത്തെ വാൽപ്പാറ(റൈ) യാത്ര. യാത്ര വിവരണവും ഹൃദ്യമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു.
ReplyDelete✌✌✌
ReplyDeleteYatra Vivaranam nannayitund...Ith vayikumbol oru yatrakoodi poyal kollam enund...athinulla avasaram udane undakatte enn prarthichukond..nanni
ReplyDeleteEranakulam jillayil evdado Amballur...?
ReplyDeleteNear Kanjiramattom.
DeleteThis comment has been removed by the author.
ReplyDeleteസൈറ്റ് സീയിംഗിനപ്പുറം യാത്ര ഒരു അനുഭവം ആക്കാൻ ആഗ്രഹിക്കുന്നവരെ,പൊള്ളാച്ചി- വാൽപ്പാറ-അതിരപ്പിള്ളി നിങ്ങൾക്കായി പച്ചവിരിച്ച് കാത്തിരിക്കുന്നു ...!
ReplyDeleteLooks like you have enjoyed your trip very well although a bit too short.
ReplyDeleteSorry, that was me, Latha (Perassi)
ReplyDelete