Tuesday, 30 December 2014

ഹാപ്പി ന്യൂ ഇയര്‍.!!!!

ഇരുണ്ട നിലാവില്ലാത്ത രാത്രി. അമാവാസിയാണെന്ന് തോന്നുന്നു. സമയം പാതിരാത്രി ആണെങ്കിലും ഫുള്‍ രാത്രിയുടെ ഇഫക്റ്റുണ്ട്. മഞ്ഞും തണുത്ത ഇളംകാറ്റും കരിയിലയിളക്കവും അപരിചിത ശബ്ദങ്ങളും - എല്ലാമുണ്ട്.
ആകെ ജ്വലിച്ചിരുന്ന സീറോ വാള്‍ട്ട് മിന്നിമിന്നി കെടുന്നു. അകലെ ഒരു നായിന്‍റെ മോന്‍ ഓരിയിടുന്നു. വിദൂരതയില്‍ ആ രൂപം പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു.
കണ്ണ് തിരുമ്മി ഒന്നൂടി നോക്കി. സംഗതി സത്യമാണ്. അങ്ങ് അതാ ഒരു രൂപം!
ഇരുട്ടിലൂടെ ആ രൂപം മുന്നോട്ട് വരുന്നു. എന്‍റെ നേര്‍ക്ക് തന്നെ!

തൊണ്ട വരണ്ട് നിദ്രാഭംഗം വന്ന് ഉണര്‍ന്നപ്പോഴാണ് ഈ കാഴ്ച.
(പണ്ടേ മുത്തശ്ശി പറഞ്ഞു തന്നണ്ട് - ഇങ്ങനെ ചില രൂപങ്ങളുണ്ടെന്ന്. എന്തേ എന്നെത്തേടി വരാത്തേന്ന് ആലോചിക്കാറുണ്ടായിരുന്നു.)
രൂപം അടുത്തെത്തി. കുറച്ചൊക്കെ വ്യക്തമായി. വെളുത്ത വസ്ത്രം ധരിച്ച ഒത്ത ഒരാള്‍ രൂപം. മുഖം പരിചിതമല്ല.

'അര്‍ജ്ജുന-ഫല്‍ഗുന-ജിഷ്ണു-കിരീടി-ശ്വേതവാഹനാ-ഭീഭത്സു-വിജയ-പാര്‍ത്ഥ-സവ്യാസാചി-ധനഞ്ജയ'
അങ്ങനെന്നെ അല്ലേ..... അതെല്ലോ... ന്നട്ടെന്താ ധൈര്യം വരാത്തേ..?!

ശബ്ദം പുറപ്പെടുവിക്കാന്‍ ശ്രമിച്ചു. വരണ്ട തൊണ്ട മിണ്ടൂല്ല!!. ഉമിനീരിറക്കി, മുരടനക്കി, വീണ്ടും ഉമിനീരിറക്കി, മുരടനക്കി, അങ്ങനെ അഞ്ചു തവണ റിപ്പീറ്റ്. ആറാം ശ്രമത്തില്‍ ഒച്ച ഔട്ട്‌! -
ആരാാാാ....!!?
ചോദിച്ചത് കേട്ടില്ലേ... ആരാന്ന്...??

(രൂപം ചിരിച്ചുകൊണ്ട് ) വര്‍ഷന്‍!

വര്‍ഷനോ..? പേരാണോ...? ഫുള്‍ നെയിം?

A.D വര്‍ഷന്‍.

എനി  സ്പെസിഫിക്കേഷന്‍..?

എ.ഡി. വര്‍ഷന്‍ 2014.

ആഹാ.....ഇതെന്താ ഈ രൂപത്തില്?  യാത്ര പറയാന്‍ വന്നതാവും?

പോകുന്നതിനു മുമ്പ് നിന്നെപ്പോലെ കുറച്ചെണ്ണത്തിനെ ഒന്ന് കാണാമെന്ന് കരുതി. കണ്ട് രണ്ട് പറയാമെന്നും.

ഓ..യെസ്. അതിനെന്താ.., പറഞ്ഞോളൂ...

ഡാ കോപ്പേ... എന്താ നിന്‍റെയൊക്കെ വിചാരം?? നീ കാണുന്നവരോടൊക്കെ പറഞ്ഞു നടക്കുന്നുണ്ടല്ലോ ഇതൊരു മുടിഞ്ഞ വര്‍ഷമായിരുന്നെന്ന്. അതിനും മാത്രം എന്താടാ നിന്‍റെ മുടിഞ്ഞത്? അതെനിക്കൊന്നറിയണം.

ജനുവരി 1 തൊട്ടു തന്നെ തുടങ്ങാം. ഒന്നാന്തി ബാര്‍ അവധിയാണെന്ന് നിനക്ക് അറിയാന്‍ പാടില്ലായിരുന്നോ.. അപ്പൊ അന്ന് അടിക്കണേല്‍ സാധനം മുമ്പേ വാങ്ങി വെക്കണം. ബുദ്ധിയുള്ളവര്‍ അങ്ങനാ ചെയ്യുന്നത്. അത് ചെയ്യാതെ
വെറുതെ സമയത്തെ കുറ്റം പറഞ്ഞതെന്തിനാടാ... അല്ലേലും കുടിച്ച് പൂസായാലേ ആഘോഷം ആഘോഷമാവൂന്ന് നിന്നോടാരാടാ പറഞ്ഞത്? മദ്യം ഇറങ്ങാതെ ആഘോഷം കരയിലായതിന് പഴി മൊത്തം എനിക്കും.
'നശിച്ച വര്‍ഷം, തുടക്കം തന്നെ മൂഞ്ചി' പോലും!

പിന്നെ റിപ്പബ്ലിക് ഡേയ്ക്ക് ദേശീയഗാനം തെറ്റിപ്പാടി കോളേജില്‍ നാണംകെട്ടതിന് ഞാനാണോ ഉത്തരവാദി? ഒരാഴ്ച മുമ്പ് പ്രൊഫൈല്‍ പിക്ചര്‍ മാറ്റി ദേശസ്നേഹമത്സരത്തില്‍ ഫെയ്സ്ബുക്കില്‍ ഒന്നാമനായപ്പോള്‍ ഓര്‍ക്കണമായിരുന്നു, ഇങ്ങനെ ചെല പണികൂടി വരുമെന്ന്. വന്ദേമാതരം പോസ്റ്റാനൊക്കെ എളുപ്പമാണ് മോനേ.... എന്നിട്ട് അതിന്‍റെ തെറിവിളിയും  എനിക്ക് - 'ഒരു ............ വര്‍ഷം!'.

പിന്നെ ദേ കെടക്കണു, വാലന്‍റെയ്ന്‍സ് ഡേ...!  നിന്നെപ്പോലുള്ള ശശികള്‍ക്ക് ഹാലിളകുന്ന ഡേ! കൊടുത്ത അഭ്യര്‍ത്ഥനകളെല്ലാം ഒന്നുവിടാതെ ചീറ്റിപ്പോയത് സമയദോഷം കൊണ്ടല്ല. നിന്‍റെ സ്വഭാവം വച്ച് അംഗഭംഗം വരാഞ്ഞത്
തന്നെ ഭാഗ്യമായി എന്ന് കരുതിയാല്‍ മതി. പിന്നെ മാനഹാനി, അതെങ്കിലും ഇരിക്കട്ട്രാ ഒരു ഓര്‍മ്മയ്ക്ക്... ഇതൊന്നും സമയത്തിന്‍റ്യോ  കാലത്തിന്‍റ്യോ കൊഴപ്പല്ലടാ.. അല്ലെങ്കിലും നിന്‍റെ ഏത് കൊല്ലത്തെ
വാലന്‍റെയ്ന്‍സ് ഡേയാടാ ചീറ്റാത്തത്..? നീയൊന്ന്ആലോചിച്ച് നോക്ക്യേ.. എന്നട്ട് പോരെ നമ്മളെ കുറ്റക്കാരനാക്കല്?

പിന്നെ മാര്‍ച്ചും ഏപ്രിലും.. പരൂഷ...! അതിനു മുമ്പ് സെമസ്റ്റര്‍ എന്‍ഡിങ്.. വിശേഷാല്‍ പൂജയും നടയടപ്പും.. നോട്ടീസ് ബോര്‍ഡില്‍ ഇന്‍റേണല്‍ മാര്‍ക്ക് പതിഞ്ഞപ്പോള്‍ പിന്നെയും തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ നിന്‍റെ ജന്മം ബാക്കി!
എത്ര ടീച്ചര്‍മാരടെ പിന്നാലെ നടന്നിട്ടും പഞ്ചാര അടിച്ചിട്ടും കാലു നക്കിയിട്ടും  ഇന്‍റേണല്‍ മാര്‍ക്ക് ദാരിദ്ര്യരേഖയ്ക്ക് താഴെ!  അല്ല, ആ ഒരു സെമസ്റ്റര്‍ മഹാകാണ്ഡത്തില്‍ നീ ചെയ്ത് കൂട്ടിയതൊക്കെ
'ഇന്‍റേണലാ'യിട്ട് ഒന്ന് അസ്സെസ്സ് ചെയ്‌താല്‍ മാര്‍ക്കിട്ടവരുടെ അനുകമ്പയെ സ്തുതിച്ച്  പോകുമല്ലോടാ.. അത്രയ്ക്ക് അലമ്പല്ലേടാ നീ കാണിച്ചു കൂട്ടിയത്... എന്നിട്ട് അവസാനം ഇന്‍റേണല്‍ പിച്ചതെണ്ടല്‍
അമ്പേ പരാജയപ്പെട്ടപ്പോള്‍ അവന്‍റെ വക ഒരു സര്‍ട്ടിഫിക്കറ്റും - 'ഈ വൃത്തികെട്ട വര്‍ഷം, ഒന്നും നേരെയാവില്ല!' ന്ന്... അവടേം മ്മക്ക് കുറ്റം!
ഇന്‍റേണല്‍ പോയെങ്കില്‍ പരീക്ഷ നന്നായി എഴുതാനല്ലേ നോക്കുക... അതെങ്ങനാ...കമ്പയിന്‍ സ്റ്റഡീന്നും പറഞ്ഞ് സകലതും കൂടി ചേരും.. എന്നിട്ടോ...? വട്ടമേശയില്‍ മദ്യനയം ചര്‍ച്ച - സോഡാ ചേര്‍ത്തും ചേര്‍ക്കാതെയും, വെള്ളം ചേര്‍ത്തും ചേര്‍ക്കാതെയും, സ്പോഞ്ച് പോലെയുള്ള ശ്വാസകോശത്തിന് വലിച്ചെടുക്കാന്‍ പൊഹ, അച്ചാറ്, അമൃതാഞ്ജന്‍, ചീട്ടിറക്കാത്തതിന് തെറിയോ തെറി. ഇതൊക്കെയല്ലേടാ പരിപാടി??
 അവന്‍റെയൊക്കെയൊരു കമ്പ്ലയിന്‍റ് സ്റ്റഡി!
എന്നിട്ട് പരൂഷ വാതില്‍ക്കല്‍ വന്നു നിക്കുമ്പോ 'അയ്യോ.. ഒന്നും പഠിച്ചിട്ടില്ലേ.., ഇന്‍റേണല്‍ കുറവാണേ.., ഒറപ്പായിട്ടും പൊട്ടുവേ...' എന്നൊക്കെയുള്ള കാറലും. അവസാനം എക്സാം പേപ്പറില്‍ ചരിത്രവും തത്വചിന്തയും
കമ്പ്ലീറ്റ് ഔട്ട്‌ ഓഫ് സിലബസ് അനാവശ്യങ്ങളും വലിച്ചുവാരി വിതറിയിട്ട്, ഗ്വേര്‍ണ്ണിക്ക പോലെ എന്തൊക്ക്യോ വരച്ചുപിടിപ്പിച്ചിട്ട്, 'എന്നെ പാസ്സാക്കണേ, ദയയുണ്ടാകണേ, ഇന്‍റേണല്‍ കൊറവാണേ' ന്നൊരു
സെന്‍റിമെന്‍റല്‍ റിക്വസ്റ്റും പൂശിയിട്ട് 'ഒരു വരവ് കൂടി വരേണ്ടി വരും' എന്ന ഭാവത്തില്‍ പരീക്ഷാഹാളിന് പുറത്ത് കടക്കുമ്പോഴും വിളിച്ചു എനിക്കിട്ട് നാല് തെറി. ഞാനെന്ത് ചെയ്തിട്ടാടാ മോനേ...? നീ തന്ന്യാ കുറ്റക്കാരന്‍..

പിന്നെ കുറച്ചുനാള്‍ വെക്കേഷന്‍ ആയിരുന്നല്ലോ.. കനകസിംഹാസനത്തില്‍ വെയിലടിക്കുന്നതുവരെ ഒറക്കവും, സിനിമയ്ക്ക് സിനിമയും, ഔട്ടിങ്ങും കോപ്പും, ട്രിപ്പിങ്ങും ഫുഡിങ്ങും ഒക്കെയായി അടിച്ചു പൊളിച്ചില്ലേടാ..
ആരെങ്കിലും നിന്നെ  ശല്യപ്പെടുത്താന്‍ വന്നോ...? എല്ലാ ജോളിഫോട്ടോസിനും ഫെയ്സ്ബുക്കില്‍ നല്ല ലൈക്കും കിട്ടി.. പോരേ.., വേറെന്ത് വേണം? ഈ വര്‍ഷം മുടിഞ്ഞതാണെന്ന് അഭിപ്രായപ്പെടുമ്പോള്‍ ഈ നാളുകളിലത്തെ കാര്യങ്ങള്‍ കൂടി ഒന്നാലോചിക്കണേ മോനേ..

പിന്നെ ഓണാഘോഷത്തിനാ നീ എന്നെ ചീത്ത വിളിച്ചത്.. മുണ്ട് ചുറ്റി കേരളീയനായി കോളേജില്‍ പോയിട്ട് മുണ്ടഴിഞ്ഞ് നാണംകെട്ടപ്പൊ... കണക്കായിപ്പോയി...! അറിയാവുന്ന പണിക്ക് നിന്നാ മതിടാ മോനേ... ഓണത്തിന്‍റന്ന് (ഓണം സെലിബ്രേഷന്‍റെ അന്ന് ) മാത്രം അങ്ങനെ കഷ്ടപ്പെട്ട് മലയാള മങ്കനാവണ്ട്രാ.. അങ്ങനെ ആവാന്‍ നോക്ക്യാലേ, ചെലപ്പൊ ദേ ദിതുപോലെ ഇരിക്കും. ഈ പാപത്തിലും നമ്മക്ക് പങ്കില്ലാട്ടാ..

പിന്നെ ഓണാവധി.
ഓണപ്പുടവ, ഓണത്തപ്പന്‍, ഓണപ്പാട്ട്, ഓണസദ്യ, ഓണച്ചന്ത, ഓണത്തല്ല്  തുടങ്ങി എല്ലാ ഓണ്‍സ്റ്റേജ് നാടകങ്ങളും വെള്ളമടിച്ച് 'ഓഫാ'യിട്ടുള്ള ഓട്ടന്‍തുള്ളലും. ഭേഷ്! ആ സുഖിച്ചതിന്‍റെ കണക്കൊന്നും
അക്കൌണ്ടില്‍ പെടുത്തത്തില്ല... അതിന്‍റെയൊക്കെ ക്രെഡിറ്റ് ആര്‍ക്കോ... ലാസ്റ്റ് പറഞ്ഞ് വരുമ്പോ മുടിഞ്ഞ വര്‍ഷം എന്ന പഴിയും.

പിന്നെ ഗാന്ധിജയന്തിയും സേവനവാരോം സെല്‍ഫിയെടുപ്പും - രാജ്യസേവന ഇനത്തില്‍ വരവുവെക്കാവുന്ന കലാപരിപാടികള്‍!  തകൃതിയായി തന്നെ നടന്നു ഇതെല്ലാം. പിന്നെന്താ  പ്രശ്നം?

അതിന്‍റെടയ്ക്ക് പണ്ടെങ്ങാണ്ട് എഴുതിയ സെമ്മിന്‍റെ റിസള്‍ട്ട് വന്നതാവും പ്രശ്നം. ശരിയാ രണ്ടെണ്ണം, എട്ടുനില പൂകി. പച്ച! മഞ്ഞ!! അപ്പഴും നീ എന്നെ ചീത്ത പറയുന്നുണ്ടായിരുന്നു. രണ്ടെണ്ണം ഒഴികെ ബാക്കിയെല്ലാം
ജയിച്ചേന് നന്ദി പറയാന്‍ നോക്കടാ.... നന്ദി പറഞ്ഞില്ലേലും വേണ്ട, ജയിച്ചതില്‍ സന്തോഷിക്കാന്‍ നോക്ക്.. അല്ലാതെ എന്നെ കുറ്റം പറഞ്ഞിട്ടൊന്നും ഒരു കാര്യോല്യ... ഇതുപോലൊക്കെ പരീക്ഷ എഴുതിയാല്‍ ഇനിയും  ഇതിലും ജോറായിട്ട് പൊട്ടും നീ. അതിപ്പോ ഏത് വര്‍ഷായാലും, ഏത് ടെയ്മായാലും. അത് മനസ്സിലാക്കിക്കോ...

പിന്നെ ക്രിസ്തുമസ് സെലിബ്രേഷന്‍, കേക്ക് വാരി പൊത്തല്‍, സെല്‍ഫിയെടുക്കല്‍ - അതും അതിന്‍റെടേല്‍ ഭംഗിയായി നടന്നു. സന്തോഷത്തോട് സന്തോഷം!

അടുത്ത സെമസ്റ്ററും ഒടുക്കി വീണ്ടും കോളേജടച്ചതും ഇന്‍റേണല്‍ മാര്‍ക്ക്-കമ്പയിന്‍ സ്റ്റഡി-പരീക്ഷ പേക്കൂത്തുകള്‍ പതിവിലും ഹൊറിബിള്‍ ആയി അരങ്ങേറിയതും കണ്ടു.

എന്തോ ഒന്ന് വിട്ടുപോയല്ലോ... ങാ.. ഓര്‍മ്മ വന്നു.. ഡാ..അതിനിടയ്ക്ക് നീയൊരു ലൈന്‍ ക്ലിയര്‍ ചെയ്തണ്ടായിരുന്നല്ലോ... എന്താ അവള്‍ടെ പേര്.... ആ.. എന്തേലും ആവട്ടെ..! ലവള്‍ടെ ബെര്‍ത്ത് ഡേയ്ക്ക് സമ്മാനം വാങ്ങിക്കൊടുത്ത് പ്രസാദിപ്പിക്കാന്‍ പറ്റാഞ്ഞത്..! മോനേ... ഈ വക കാര്യത്തിനൊന്നും എന്നെ പ്രതിയാക്കല്ലേ.. ഇതൊന്നും സമയത്തിന്‍റേം കാലത്തിന്‍റേം കൊഴപ്പല്ലെടാ... പിന്നെന്താ..? നിന്‍റെ കഴിവില്ലായ്മ.... അല്ലാണ്ടെന്താ..?!
അതെങ്കിലും തിരിച്ചറിയാനുള്ള വെവരം നിനക്കുണ്ടെന്ന് ഞാന്‍ കരുതി. എത്ര നാളായെടാ തൊടങ്ങീട്ട്... ഇതുവരെ പഠിച്ചില്ലേ ഇതൊന്നും... കൊശവന്‍!

പിന്നൊന്നുകൂടി - വീട്ടുകാരടെ പ്രാക്ക് കേക്കണതും 'ഒന്നിനും കൊള്ളാത്തവന്‍', 'ഉത്തരവാദിത്തമില്ലാത്തവന്‍' തുടങ്ങിയ പട്ടങ്ങള്‍ ഇടയ്ക്ക് ചാര്‍ത്തികിട്ടുന്നതും പതിവാണല്ലോ.. അതിപ്പൊ നീ എന്ത് മലമറിച്ചാലും അവര്‍ പറഞ്ഞോണ്ടിരിക്കും. നീ അത് വിട്ടുകള, കാര്യാക്കണ്ട..!

ഒരുവിധം കാര്യങ്ങളൊക്കെ ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഇനിയൊരു അവലോകന സെഷന്‍ കൂടിയുണ്ട്. മൊത്തത്തില്‍ വെലയിരുത്തുമ്പൊ നിന്‍റെ തനതായ മണ്ടത്തരങ്ങളും അഴിഞ്ഞാട്ടങ്ങളും താന്തോന്നിത്തരവും അതിന്‍റെ അനന്തരഫലങ്ങളും. അവിടെയൊക്കെ പ്രതി നീ തന്ന്യാ... പിന്നെ ഒരുപാട് നല്ല കാര്യങ്ങളും സന്തോഷങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ ചീത്ത കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത് പറഞ്ഞിട്ട് നീ എന്നെക്കുറിച്ച് പറയുന്ന
അഭിപ്രായമുണ്ടല്ലോ, എത്ര വര്‍ഷങ്ങള്‍ കടന്നു പോയാലും നിന്‍റെ ആ പരട്ട സ്വഭാവം മാറ്റാതെ ആ അഭിപ്രായവും മാറില്ല. നോക്കിക്കോ... അടുത്ത വര്‍ഷവും ഇതേ അഭിപ്രായവുമായി നീ ഉണ്ടാവും ഇവിടെ, ബംബര്‍ ലോട്ടറി
അടിച്ചാലും മുഖക്കുരു കൂടീന്നും പറഞ്ഞ് 'പൊട്ട വര്‍ഷം' എന്ന് പറയാന്‍.

ഇതൊക്കെ പറയാനാ ഞാന്‍ വന്നത്.

അപ്പൊ തൊടങ്ങല്ലേ ന്യൂ ഇയര്‍..? നന്നാവാനുള്ള തീരുമാനം വല്ലോം എട്ത്തണ്ടാ മുന്‍ കൊല്ലങ്ങളിലെപ്പോലെ?

എന്നാല്‍ ഞാന്‍ പോണു. ഹാപ്പി ന്യൂ ഇയര്‍.!!!!


(വിവരച്ചിതത്രയും ഒരു സ്വപ്നമായിരുന്നെന്നും കഥാപാത്രം ഉണര്‍ന്നപ്പോള്‍ ഒന്നും മനസ്സിലാകാതെ അന്തംവിട്ട് ഇരുന്നെന്നുമുള്ള യമണ്ടന്‍ 'ട്വിസ്റ്റ് ' പ്രത്യേകം എടുത്ത് പറയണ്ടല്ലോ... )

5 comments: